മൽസ്യബന്ധനത്തിനിടെ കടലിൽ വീണുമരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി തൊഴിലാളികൾ കടലിൽ അലഞ്ഞത് ഒന്നരദിവസത്തോളം. കൊല്ലം നീണ്ടകര ഹൈവേ ഭവനിൽ ആന്റണിയാണ് 11നു പുലർച്ചെ 3നു കരയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ ദൂരെയുള്ള ബോട്ടിൽ നിന്നു കടലിൽ വീണു മരിച്ചത്. അതിർത്തി പ്രശ്നമുയർത്തി തമിഴ്നാടിലെ അധികൃതരും വിഴിഞ്ഞത്തെ തീരദേശ പൊലീസും ഇവരെ വലച്ചെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ നടപടികളെടുക്കാൻ തയാറായി.
ഏറ്റവും അടുത്ത തുറമുഖം തമിഴ്നാട്ടിലെ പട്ടണമാണെന്നതിനാൽ അവിടെ എത്തിച്ചുവെങ്കിലും സംഭവം നടന്നതു കേരള അതിർത്തിയിലാണെന്ന പേരിൽ അധികൃതർ മടക്കിയെന്നു മൽസ്യത്തൊഴിലാളികൾ പറഞ്ഞു. തുടർന്ന് വിഴിഞ്ഞത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വിഴിഞ്ഞത്തെ തീരദേശ പൊലീസ് അതിർത്തി പ്രശ്നമുന്നയിച്ചത് ഇവരെ വീണ്ടും വലച്ചു. ഒടുവിൽ ഉന്നതതല ഇടപെടലിനെത്തുടർന്നു മൃതദേഹമടങ്ങിയ ബോട്ട് ഇന്നലെ ഉച്ചയോടെയാണു വിഴിഞ്ഞം പഴയ വാർഫിലെത്തിയത്. തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
ആന്റണിയുൾപ്പെടെ 10 അംഗ മത്സ്യത്തൊഴിഴാളി സംഘം തമിഴ്നാട് ബോട്ടായ ‘ജെഹോ’യിൽ 10നാണു കൊച്ചി തോപ്പുംപടിയിൽ നിന്നു കടലിൽ പോയത്. 11നു പുലർച്ചെ മൂന്നിനോടടുത്ത് ആന്റണി കടലിലേക്ക് വീഴുന്നതു ആ ബോട്ട് ഓടിച്ചിരുന്ന ആന്റണിയുടെ ബന്ധു കൂടിയായ സേവ്യർ കണ്ടു. ഉടനെ ബോട്ട് നിയന്ത്രിച്ചു നിർത്തി സേവ്യർ കടലിലേക്ക് എടുത്തു ചാടി. ഉറക്കത്തിലായിരുന്ന മറ്റുള്ളവർ ശബ്ദം കേട്ട് ഉണരുകയും മുങ്ങിത്താഴുന്ന ആന്റണിയെ ബോട്ടില്ക്കു കയറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിന്റെ ഡെക്ക് ഭാഗത്ത് വലയ്ക്കു മുകളിലായി കിടന്നുറങ്ങിയ ആന്റണി പ്രാഥമികാവശ്യ നിർവഹണത്തിനോ മറ്റോ ബോട്ടിന്റെ അരികിൽ എത്തിയപ്പോൾ വീണതാകാമെന്നാണ് അനുമാനമെന്നു തീരദേശ പൊലീസ് പറഞ്ഞു.
Leave a Reply