ഒമാനില്‍ ബസ്സപകടത്തില്‍ മലയാളികളടക്കം 25 പേര്‍ക്ക് പരിക്ക്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരികയായിരുന്ന ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ജിഫൈനില്‍ വെച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇയാള്‍ ഖൗല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങി വരികയായിരുന്നു ഇയാള്‍. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തദാനം ചെയ്യുന്നതിനായി ആളുകള്‍ മുന്നോട്ടു വരണമെന്ന് ഒമാന്‍ ബ്ലഡ് ബാങ്ക് അറിയിച്ചു. രക്തദാനം സാധ്യമാകുന്നവര്‍ ബോഷര്‍ ബ്ലഡ് ബാങ്കില്‍ 24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.