ലണ്ടൻ∙ ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. വൈറസ് ബാധമൂലം ഇന്നലെ 48 പേർകൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്.

ബ്രിട്ടനിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിനുള്ള നടപടികൾ അതിശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. ജനങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ നിയമനടപടികൾ ആരംഭിക്കുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. രാജ്യത്ത് പതിനഞ്ച് ലക്ഷത്തോളം ആളുകൾ എളുപ്പത്തിൽ രോഗബാധയുണ്ടാകാൻ സാധ്യതയുള്ളവരാണ്. വൃദ്ധജനങ്ങളും വിവിധതരം രോഗങ്ങൾ അലട്ടുന്നവരുമായ ഇവരെ രോഗബാധിതരിൽനിന്നും സംരക്ഷിക്കാനുള്ള ചുമതല യുവാക്കൾക്കും കുട്ടികൾക്കുമുണ്ടെന്നും ഇതിനുള്ള ഉത്തരവാദിത്വം എല്ലാവരും കാണിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾക്കു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ബ്രിട്ടനിൽനിന്നും നാട്ടിലേക്കു മടങ്ങാനാകാതെ നിരവധി പേരാണ് ദിവസവും ഇന്ത്യൻ എംബസിയിൽ എത്തുന്നത്. ഇവർക്ക് എംബസി താൽകാലിക താമസസൗകര്യം കണ്ടെത്തി നൽകുന്നുണ്ട്. ഇത്തരത്തിൽ എംബസിയുടെ സംരക്ഷണയിൽ നിരവധി മലയാളികളും നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്നുണ്ട്.