ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിരോധിത ഗ്രൂപ്പായ പാലസ്തീൻ ആക്ഷൻ്റെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. 29 പേരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്കെതിരെ 2000 – ലെ തീവ്രവാദ കുറ്റം ചുമത്തും. പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നടപടി സ്വീകരിക്കാനുള്ള നിയമം കഴിഞ്ഞ ദിവസം പാർലമെൻ്റ് പാസാക്കിയിരുന്നു. നിരോധനം തടയാനുള്ള ശ്രമങ്ങൾ അവരുടെ അഭിഭാഷകർ കോടതിയിൽ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇനി മുതൽ പലസ്തീൻ ആക്ഷനിൽ അംഗമാകുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. നടപടി നേരിടുന്നവർക്ക് 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത് . ശനിയാഴ്ച പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധക്കാർ തടിച്ചു കൂടിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്. പോലീസ് സംഘത്തെ വളയുകയും ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഒരു സ്ത്രീയെ ഉദ്യോഗസ്ഥർ കൈകളിൽ വിലങ്ങ് വച്ചുകൊണ്ട് പോകുന്നതും ചിത്രങ്ങളിൽ കാണാം. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചതിനെ തുടർന്നാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം യുകെയിൽ ശക്തി പ്രാപിച്ചത്. ഇതുവരെ ഗാസയിൽ മരിച്ചവരുടെ എണ്ണം 57,000-ത്തിലധികമായി ഉയർന്നതായി ആണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .