മാഞ്ചസ്റ്റര്‍: ഭരണഘടനയില്‍ മതേതരത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്‌കൂള്‍ ടാബ്ലോകളില്‍ മാത്രം ഒതുങ്ങുന്നതാണ് മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ അനുഭവം. തങ്ങളുടെ ആരാധനാലയങ്ങള്‍ മറ്റു മതസ്ഥര്‍ക്കായി തുറന്നുകൊടുക്കാന്‍ മടി കാണിക്കുന്ന സമൂഹവും നമ്മുടേത് തന്നെ. അതേസമയം മറ്റ് മതത്തിലുള്ളവര്‍ക്കും അവരുടെ ആരാധനക്കായി സ്വന്തം പള്ളി തുറന്നു കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ഓള്‍ഡ്ഹാമിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പള്ളി. ഓള്‍ഡ്ഹാമിലെ സെന്റ് തോമസ് വേര്‍നെത്ത് പള്ളിയാണ് ഈ ഉദ്യമത്തിലൂടെ മാതൃകയാകുന്നത്.

ഇതിന്റെ ഭാഗമായി പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യാനാണ് തീരുമാനമെന്ന് പള്ളി വികാരി നിക്ക് ആന്‍ഡ്രൂസ് പറഞ്ഞു. 40 പേര്‍ മാത്രമാണ് പള്ളിയിലെ ഇടവകാംഗങ്ങള്‍. അതുകൊണ്ട് തന്നെ പ്രൊട്ടക്ടട് വിഭാഗത്തിലുള്ള പള്ളി സ്ഥിതി ചെയ്യുന്നത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണ് പള്ളിയില്‍ നടക്കുന്നത്. മറ്റ് സമുദായങ്ങളിലുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയുമെന്ന വിശാല ചിന്തയിലാണ് ഈ ഉദ്യമം.

തന്റെ ഈ ആശയത്തിന് അംഗീകാരം നല്‍കണമെന്ന് മാഞ്ചസ്റ്റര്‍ ഡയോസീസ് ചാന്‍സലര്‍ ജെഫ്രി ടാറ്റര്‍ഷാലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വികാരി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയുടെ സംരക്ഷണം നിര്‍വഹിക്കുന്ന വിക്ടോറിയന്‍ സൊസൈറ്റിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. ഇത്തരമൊരു ആശയം പള്ളിക്ക് ദോഷകരമാകുമെന്ന് സൊസൈറ്റി പറയുന്നു. പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങള്‍ 1970കളില്‍ മാത്രമാണ് സ്ഥാപിച്ചതെന്നും അതിനാല്‍ അവ എടുത്തു മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്നുമുള്ള എതിര്‍വാദവുമായി വികാരിയും രംഗത്തെത്തിയിട്ടുണ്ട്.