ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ സാധിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. എങ്കിലും രണ്ട് സ്ഥലങ്ങളിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലും നോർത്ത് ഈസ്റ്റ് ലിങ്കൺഷൈറിലും കൊറോണ വൈറസ് വ്യാപനത്തിൻെറ നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇന്നലെ രാജ്യത്തെ 12,057 പേർക്കാണ് പുതിയതായി രോഗവ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 10.6 ശതമാനം കുറവാണ്. ഇന്നലെ രാജ്യത്ത് 454 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്. കഴിഞ്ഞ ആഴ് ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 33 ശതമാനം കുറവാണ്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ പ്രകാരം സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലെ വൈറസ് വ്യാപനം കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന ശക്തമായ സമ്മർദമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിമുഖീകരിക്കുന്നത്. ഏത് ഡേറ്റിൽ ലോക്ക്ഡൗൺ പിൻവലിക്കാം എന്നതിലുപരിയായി രോഗവ്യാപന തോതിനെ കുറിച്ചുള്ള ശരിയായ ഡേറ്റ വിശകലനം ചെയ്ത് തീരുമാനമെടുക്കുകയായിരിക്കും ചെയ്യുക എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ രൂപരേഖ രാജ്യത്ത് സമർപ്പിക്കും. കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് മുൻപ് അണുബാധയുടെ നിരക്കും ആശുപത്രികളിൽ അഡ്മിറ്റ് ആയിരിക്കുന്ന രോഗികളുടെ എണ്ണവും വളരെ താഴ്ന്ന നിലവാരത്തിൽ എത്തണമെന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കും ശാസ്ത്രജ്ഞന്മാർക്കും ഉള്ളത്.