ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് എതിരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അഡ്വർടൈസിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റി ആദ്യമായി രണ്ട് പ്രമുഖ സൂപ്പർമാർക്കറ്റുകളുടെ പരസ്യങ്ങൾ നിരോധിച്ചു. ലിഡലും ഐസ്‌ലാൻഡ് ഫുഡ്‌സും ഇൻസ്റ്റാഗ്രാം, ഡെയിലി മെയിൽ വെബ്സൈറ്റ് എന്നിവയിൽ പ്രചരിപ്പിച്ച പരസ്യങ്ങളാണ് നിയമലംഘനമായി കണ്ടെത്തിയത്. 2026 ജനുവരി അഞ്ചുമുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളുടെ പരസ്യം ടെലിവിഷനിൽ രാത്രി ഒമ്പതിന് മുമ്പും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എല്ലാസമയത്തും നിരോധിച്ചിരിക്കുകയാണ്.

ലിഡിൽ നോർതേൺ അയർലണ്ടിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ എമ്മ കിയേർണി വഴി ബേക്കറി ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വിവാദമായത്. ‘പെയ്ൻ സ്വിസ്’ എന്ന ഫ്രഞ്ച് പാസ്റ്റ്രി ഉൾപ്പെട്ട വീഡിയോ ആരോഗ്യകരമല്ലാത്ത ഭക്ഷണവിഭാഗത്തിൽപ്പെടുന്നതാണെന്ന് പരാതി ഉയർന്നു. എന്നാൽ പരസ്യം ബ്രാൻഡ് പ്രമോഷൻ മാത്രമാണെന്നായിരുന്നു ലിഡലിന്റെ വിശദീകരണം എങ്കിലും, വ്യക്തമായ ഉൽപ്പന്നങ്ങളുടെ പ്രചാരണമുണ്ടായതായി അവർ പിന്നീട് സമ്മതിച്ചു.

അതേസമയം,ഐസ്‌ലാൻഡ് ഫുഡ്‌സ് ഡെയിലി മെയിൽ വെബ്സൈറ്റിൽ നൽകിയ ഡിജിറ്റൽ പരസ്യങ്ങളിൽ മിഠായികളും ചോക്ലേറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇവ എച്ച്എഫ്എസ്എസ് വിഭാഗത്തിൽപ്പെടുന്നതിനാൽ നിയമലംഘനമായി അഡ്വർടൈസിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റി വിലയിരുത്തി. പരാതികൾ ശരിവെച്ച അതോറിറ്റി, ഇരു കമ്പനികളുടെയും പരസ്യങ്ങൾ നിരോധിക്കുകയും ഭാവിയിൽ ഇത്തരത്തിലുള്ള “കുറഞ്ഞ ആരോഗ്യകരമായ” ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ നിർദേശം നൽകുകയും ചെയ്തു.











Leave a Reply