ഇന്തൊനീഷ്യൻ ദ്വീപായ സുലവേസിയിൽ ഭൂകമ്പത്തിനു പിന്നാലെയുണ്ടായ സൂനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി. 540 പേര്‍ക്ക് പരുക്കേറ്റു. വൈദ്യുതിബന്ധം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. തീരദേശപട്ടണമായ പാലു ഉള്‍പ്പെടെ ഒട്ടേറെനഗരങ്ങളില്‍ വെള്ളം കയറി. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. തുടര്‍ചലനസാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാവിലെ സുലവേസിയിലെ ഡൊങ്കാലയിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. ഉടനെ സൂനാമി മുന്നറിയിപ്പും നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മുന്നറിയിപ്പ് പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം സൂനാമിയുണ്ടായി.
ഇന്തൊനീഷ്യൻ ദ്വീപായ സുലവേസിയിൽ വെളളിയാഴ്ച ഭൂകമ്പമാപിനിയിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തൊനീഷ്യൻ നഗരമായ പലുവിൽ സൂനാമിയുണ്ടായതായി റിപ്പോർട്ടുകൾ. പ്രാദേശിക തലസ്ഥാനം കൂടിയായ പലുവിൽ സൂനാമിത്തിരകൾ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്തൊനീഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
നേരത്തെ ഇന്തൊനീഷ്യൻ എജൻസി ഫോർ മെറ്റീറോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് മൂന്നു മീറ്ററോളം ഉയരത്തിൽ തിരമാലകളുണ്ടായേക്കാവുന്ന സൂനാമിക്കു മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. സൂനാമി മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെയാണ് സൂനാമിയുണ്ടായതെന്നാണ് സൂചന. മധ്യ, പടിഞ്ഞാറൻ മേഖലകളിലെ ജനത്തോട് ഉയർന്ന പ്രദേശങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം നൽകി.
ജൂലെ 29 നും ഓഗസ്റ്റ് 19 നുമിടയിൽ 6.3 നും 6.9 നും മധ്യേ തീവ്രതയുള്ള നാലു ഭൂചലനങ്ങളിലായി 557 പേർ ഇന്തൊനീഷ്യയിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. നാലു ലക്ഷത്തോളം പേരാണ് ദുരിതബാധിതരായത്. ഇന്തൊനീഷ്യയിലെ ഏറ്റവും വലിയ ഭൂകമ്പ ദുരന്തം 2004 ൽ ആയിരുന്നു. അന്ന് സുമാത്രയിലുണ്ടായ ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും ഇന്തൊനീഷ്യയിലും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലുമായി 2,80,000 പേരാണ് മരിച്ചത്.
ഏറ്റവുമധികം ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും റിപ്പോർട്ടു ചെയ്യുന്ന പസഫിക് റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തൊനീഷ്യയുടെ സ്ഥാനം. ശരാശരി ചെറുതും വലുതുമായ ഏഴായിരത്തോളം ഭൂകമ്പങ്ങളാണ് ഇവിടെയുണ്ടാകുന്നത്.
Leave a Reply