ബാംഗ്ലൂർ ഡേയ്‌സ് : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതുന്ന നോവൽ അധ്യായം 14

ബാംഗ്ലൂർ ഡേയ്‌സ് : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതുന്ന  നോവൽ അധ്യായം 14
March 06 05:55 2021 Print This Article

ജോൺ കുറിഞ്ഞിരപ്പള്ളി

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു ഞാനും ജോർജുകുട്ടിയും കൂടികാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ജോർജുകുട്ടി പറഞ്ഞു,” ഈ വീക്ക് എൻഡ് ഞാൻ നാട്ടിൽ പോയാലോ എന്ന് ആലോചിക്കുകയാണ്.”

” എന്താ വിശേഷം?”

” ഇലക്ഷൻ നടക്കാൻ പോകുകയല്ലേ. എൻറെ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നുണ്ട്. അപ്പോൾ ഇലക്ഷൻ പ്രചരണത്തിന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്

“വല്യപ്പച്ചൻ ?”

“അതെ”:

” പുള്ളിക്ക് എത്ര വയസ്സുണ്ട്?”

“തൊണ്ണൂറ്റിരണ്ട്‍. വല്യപ്പച്ചൻ ഞങ്ങളുടെ പാർട്ടിയുടെ യൂത്ത് വിംഗ് ബ്ലോക്ക് പ്രസിഡണ്ടാണ്.”

“യുവജന വിഭാഗത്തിൻറെ ?”

“അതെ അടുത്തകാലംവരെ പുള്ളി യുവജനങ്ങളെ സംഘടിപ്പിക്കുന്ന യൂത്ത്‌ ഓർഗനൈസർ ആയിരുന്നു.”

“ജയിക്കുമോ?”

” ജയിക്കുമോ എന്ന് ചോദിച്ചാൽ പുള്ളിയുടെ ആശയം ഭരണകക്ഷി നമ്മളുടെ കക്ഷി. ജയിച്ചാൽ ഒരു മന്ത്രി സ്ഥാനം കിട്ടും. ഇലക്ഷനിൽ നിൽക്കാതെ പിന്മാറാൻ ആവശ്യപ്പെട്ടാൽ ഏതെങ്കിലും കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ആവശ്യപ്പെടും. ഒന്നുരണ്ടെണ്ണം അവധിയായി കിടപ്പുണ്ടല്ലോ?”

” നല്ല ആശയം.”

ഞാൻ നാട്ടിൽ പോകുമ്പോൾ വല്യപ്പച്ചനുവേണ്ടി പ്രസംഗിക്കേണ്ടി വരും അതിന് രണ്ടു മൂന്ന് പ്രസംഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. താൻ ഒന്ന് കേട്ട് നോക്ക് .”

ബഹുമാന്യരായ നാട്ടുകാരെ,

പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് താമസിക്കുവാൻ വീടില്ല.നമ്മൾ ചിന്തിക്കണം. നമ്മുടെ നാട്ടിൽ വിളക്കുമരങ്ങൾ ഇല്ല, അതായത് സ്ട്രീറ്റ് ലൈറ്റുകളില്ല. എന്തുകൊണ്ട് ? നമുക്കൊരു വീട് വേണ്ടതല്ലേ, വീട്ടിലേക്ക് ഒരു കാർ വേണ്ടേ? പെട്രോൾ ഡീസൽ വേണ്ടേ? അങ്ങനെ വേണ്ടതെല്ലാം കിറ്റുകളായി കൊടുക്കുന്നതിന് ഞങ്ങളുടെ പാർട്ടിക്ക് വോട്ടു ചെയ്യുക.

ഇനിമുതൽ നിങ്ങൾ ജോലിക്ക് പോകേണ്ടതില്ല, അധ്വാനിക്കേണ്ടതില്ല. എല്ലാം കിറ്റ്. കിറ്റ് വാങ്ങാൻ പോകാൻ സമയമില്ലെങ്കിൽ ഞങ്ങൾ വീടുകളിലെത്തിക്കും.”

ജോസഫ് അച്ചായനും സെൽവരാജനും ജോർജ് വർഗീസും ഈ സമയത്ത് അസോസിയേഷന് വേണ്ടി അച്ചടിച്ച രസീത് ബുക്ക് ലെറ്റർപാഡ് എല്ലാം ഞങ്ങളെ ഏൽപ്പിക്കാനായി വന്നു.

ജോർജ് കുട്ടി ശ്വാസം എടുക്കാനായി ഒന്ന് നിർത്തി. കിട്ടിയ ഗ്യാപ്പിൽ അച്ചായൻറെ ചോദ്യം,,”മാഷെ,അപ്പോൾ ഇതാണോ കിറ്റ് ഇന്ത്യ സമരം? കിറ്റ് കണ്ടുപിടിച്ചത് ഗാന്ധിയാണോ?”

ജോർജ് വർഗീസ്സ് ജോർജ് കുട്ടിയോട് ഒരു ചോദ്യം,” മാഷെ,എന്നോട് പറഞ്ഞതിന് മാറ്റം ഇല്ലല്ലോ,അല്ലേ?”

“തന്നോട് മാത്രമല്ല ആരോടും പറഞ്ഞതിന് മാറ്റമില്ല. എല്ലാവർക്കും കിറ്റ് കൊടുക്കും”

” ഞാൻ പറഞ്ഞത് കിറ്റിന്റെ കാര്യമല്ല. ഓണത്തിന് പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നത് ഞാനല്ലേ എന്നാണ് ചോദിച്ചത്.”

” നടന്നാൽ തീർച്ചയായും.”

ഞാൻ രസീത് ബുക്കും ലെറ്റർ ഹെഡും വാങ്ങി തുറന്നു നോക്കി. ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ എന്നതിനുപകരം ബാംഗ്ലൂർ സൗത്ത് ലോസ്റ്റ് അസോസിയേഷൻ എന്നു പ്രിന്റ് ചെയ്തിരിക്കുന്നു. ജോർജ് വർഗീസിൻ്റെ മുഖം ചുവന്നു “ഇനി എന്താ ചെയ്യുക?”

“എന്ത് ചെയ്യാൻ? വേറെ ആമ്പിള്ളേർ ഓണത്തിന് ആങ്കറിങ് നടത്തും “ജോർജ് കുട്ടി പറഞ്ഞു.

“അത് നീതിയല്ല. പകുതി ശരിയാണല്ലോ. അതുകൊണ്ട് പ്രോഗ്രാം ആരംഭിക്കുന്നതുവരെ ജോർജ് വർഗീസ് അനൗൺസ്‌മെന്റ് നടത്തട്ടെ. അതിനുശേഷം വേറെ ആൾക്കാരെ ഏൽപ്പിക്കാം”. അച്ചായൻ പറഞ്ഞു. എന്നിട്ടു എന്നെ നോക്കി ഒരു ചോദ്യം,”പ്രസിഡണ്ട് എന്തുപറയുന്നു?”

“ജോർജ് കുട്ടിയുടെ പ്രസംഗം തടസ്സപ്പെടുത്താതെ. ഓണക്കാര്യം പിന്നീട്. ഇപ്പൊ ജോർജ് കുട്ടി പ്രസംഗിക്കട്ടെ.”

ജോർജ് കുട്ടി തുടർന്നു.

“ബഹുമാന്യരേ,……”

“ഇത് വേറെ പ്രസംഗമാണോ?”

“അതെ വേറെ സ്റ്റേജാണ്. ബഹുമാന്യരേ ,ഇവിടെ ചെപ്പുകുലുക്കി നടന്ന് പണംപിരിക്കുന്ന ചങ്ങാതിമാരുണ്ട്. ഇങ്ങനെ ചെപ്പുകുലുക്കി പണപ്പിരിവ് നടത്തുന്ന ചങ്ങാതിമാർ ചെപ്പു തുറന്നു കാണിക്കേണ്ടതാണ് അതിനുള്ളിൽ മിന്നുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയണം. സമയമില്ലെന്ന് ഞങ്ങൾക്കറിയാം. അതിവേഗം ബഹുദൂരം ആണെന്ന് ഞങ്ങൾക്കറിയാം പക്ഷേ എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം. “

കിട്ടിയ ഗ്യാപ്പിൽ ജോർജ് വർഗീസ് പറഞ്ഞു,” ഏതായാലും ജോർജ്ജുകുട്ടി നാട്ടിൽ പോവുകയല്ലേ? പോകുന്ന വഴി പാലാരിവട്ടം പാലത്തിൻറെ ഉറപ്പും കൂടി ഒന്ന് പരിശോധിച്ചു നോക്കണം. ആവശ്യം വരും. ”

പെട്ടെന്ന് ജോർജ് കുട്ടി പറഞ്ഞു,” എനിക്ക് സിറ്റി മാർക്കറ്റിലുള്ള ഇന്ത്യൻ മെഡിക്കൽ സ്റ്റോറിൽ നിന്നും കുറച്ചു പ്ലാസ്റ്റർ വാങ്ങണം. ”

സെൽവരാജൻ ചോദിച്ചു,” അതെന്തിനാ?”

” ഇത് സമ്മർ സീസൺ അല്ലേ? നാട്ടിൽ ചെല്ലുമ്പോൾ സൈക്കിൾ ഓടിക്കുന്ന കുട്ടികൾ വീണ് പരിക്ക് ഏൽക്കാൻ സാധ്യതയുണ്ട്. അപ്പോൾ അവരുടെ മുറിവിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ച് അതിൻറെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. അങ്ങനെ സാമൂഹിക സേവന രംഗത്ത് മായാമുദ്ര പതിച്ച നിങ്ങളുടെ സ്വന്തം സ്ഥാനാർത്ഥി എന്നുപറഞ്ഞ് കുറെ ഫ്ളക്സും അടിപ്പിക്കണം.”

“തീർച്ചയായും തൻ്റെ വല്യപ്പച്ചൻ യുവജനങ്ങളുടെ വോട്ടുകൊണ്ടുമാത്രം ജയിക്കും. വിവരമുള്ള മലയാളികളെല്ലാം മറുനാട്ടിലും വിദേശത്തുമാണ്. അതുകൊണ്ട് തീർച്ചയായും ജയിക്കും. “ജോർജ് വർഗീസ്സ് ട്രെൻഡ് വ്യക്തമാക്കി.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles