സിഡ്നി(ഓസ്ട്രേലിയ): കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച ഓസ്‌ട്രേലിയയില്‍ അഞ്ചു ദിവസത്തിനിടെ കൊന്നത് 5,000ത്തോളം ഒട്ടകങ്ങളെ. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.

23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് അതി രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. വാസസ്ഥലങ്ങളിൽ മൃ​ഗങ്ങൾ കടന്നുകയറി വീടുകള്‍ക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികളാണ് ഇവിടുത്തെ ആളുകൾ അധികൃതർക്ക് കൈമാറിയിരുന്നത്.

എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചുവെന്ന് എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.

കാട്ടുതീയിൽ നിരവധി ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.