സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുകയാണ്. കുടമടക്കാന്‍ പോലും ആവാത്ത വിധം മഴ തോരാതെ തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴക്കെടുതികളും രൂക്ഷമാണ്. മഴയ്ക്ക് പുറമെ എത്തിയ കാറ്റിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

കോതമംഗലത്ത് നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. കാറ്റിന്റെ തീവ്രത മൂലം മരങ്ങള്‍ ആടിയുലയുന്നതും വീടിനുള്ളിലുള്ള വസ്തുക്കള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിക്കുന്നതായും വീഡിയോയില്‍ കാണാം.

കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നതായാണ് വിവരം.  കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.

ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയെന്നാണ് വിവരം. കാറ്റിന്റെ ശക്തികണ്ട് പലരും വിട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനം തേടി. പലമേഖലകളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായതയാണ് വിവരം. പൊലീസിന്റെ ഫയര്‍ഫോഴ്സ് ടീമിന്റേയും നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.