തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡിന് എഴുത്തുകാരി ആർ. രാജശ്രീ അർഹയായി. രാജശ്രീയുടെ ആത്രേവിയകം എന്ന നോവലാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കലശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയ ബഹുമതികളിലൊന്നായ വയലാർ അവാർഡിന്റെ 50-ാം പതിപ്പിലാണ് ആത്രേയകം തിരഞ്ഞെടുക്കപ്പെട്ടത്.

1977 ജൂലൈ 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച രാജശ്രീ, പി.എൻ. രാജപ്പൻ മാസ്റ്ററുടെയും ആർ. രാജമ്മയുടെയും മകളാണ്. വിവിധ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിർമിതി: വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. കമലാലക്ഷണം എന്ന നോവൽ നിലവിൽ ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗം ഗവേഷണകേന്ദ്രത്തിൽ അധ്യാപികയായ രാജശ്രീ സാഹിത്യരചനയ്‌ക്കൊപ്പം അധ്യാപനരംഗത്തും സജീവമാണ്. നന്ദ ശ്രീപാർവതിയും നിരഞ്ജൻ ശ്രീപതിയുമാണ് മക്കൾ. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്‌കാര സമർപ്പണം നടക്കും.