തിരുവനന്തപുരം∙ നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് കുട്ടികളടക്കം 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രളയബാധിത മേഖലകളിലെ നെറ്റ്വർക്ക് തകരാറാണ് പ്രധാന തടസ്സം. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ സുരക്ഷിതരാണെന്നാണ് നോർക്കയുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി ലഭിച്ച 17 സെറ്റ് വിവരങ്ങൾ ഏകീകരിച്ചാണ് 53 പേരെ തിരിച്ചറിഞ്ഞതെന്ന് നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ പറഞ്ഞു.
ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശമുണ്ടെങ്കിലും നിലവിൽ നേരിട്ടുള്ള ബന്ധം സാധ്യമല്ല. കുടുങ്ങിയവരുടെ അവസാനമായി അറിയപ്പെട്ടിരുന്ന സ്ഥലം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവസാനമായി നടത്തിയ ഫോൺവിളികൾ, യാത്രാ വിവരങ്ങൾ, എത്താനിരുന്ന സ്ഥലങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളടങ്ങിയ 36 അംഗ സംഘവും കോട്ടയം സ്വദേശികളായ 16 അംഗ സംഘവും സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. ഡൽഹിയിലെ നോർക്ക റൂട്ട്സ് ഡെവലപ്മെന്റ് ഓഫിസർ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ടൂർ ഗ്രൂപ്പുകളായും കുടുംബസമേതവും അവധിയാഘോഷത്തിനായുമാണ് പല മലയാളികളും നേപ്പാളിലെത്തിയത്. എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുന്ന കൃത്യമായ ഔദ്യോഗിക ഡേറ്റാബേസ് ലഭ്യമല്ലാത്തത് രക്ഷാപ്രവർത്തനത്തിലെ പ്രധാന വെല്ലുവിളിയാണ്. ഇതിനിടെ, നേപ്പാളിൽ പോയ കാസർകോട് സംഘത്തിലെ അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ സുരക്ഷിത കേന്ദ്രത്തിലെത്തിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് ജി. വാര്യർ അറിയിച്ചു. സംഘത്തിന് ഓഗസ്റ്റ് 29ന് മടങ്ങാനുള്ള ടിക്കറ്റുകളുണ്ട്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും നേപ്പാളിലുള്ളവരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.











Leave a Reply