കനത്ത നാശം വിതച്ചു ‘ഫോനി’, 6 മരണം; വെള്ളപ്പൊക്കവും, ഭീതിയേറ്റി ബംഗാൾ തിരത്തേക്ക്

കനത്ത നാശം വിതച്ചു ‘ഫോനി’, 6 മരണം; വെള്ളപ്പൊക്കവും, ഭീതിയേറ്റി ബംഗാൾ തിരത്തേക്ക്
May 03 14:53 2019 Print This Article

ആഞ്ഞുവീശുന്ന ഫോനി ചുഴലിക്കൊടുങ്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. ഭുവനേശ്വറിനും കട്ടക്കിനുമിടയില്‍ എത്തിയ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരിയെ തുടര്‍ന്ന് ഒഡീഷയിലെ പുരിയിലും ഗോപാല്‍പൂരിലും വെളളപ്പൊക്കമുണ്ടായി. ഒഡീഷയില്‍ ഇന്നുമുഴുവന്‍ കനത്ത കാറ്റും മഴയും തുടരും. ദുരിതാശ്വാസത്തിന് ആയിരം കോടി അനുവദിച്ചതായി പ്രധനാമന്ത്രി അറിയിച്ചു.

രാവിലെ എട്ടു മണിയോടെയാണ് ഒഡീഷയിലെ പുരി തീരത്ത് ഫോനി ആഞ്ഞുവീശിയത്. മണിക്കൂറില്‍ 185 കിലോമീറ്ററായിരുന്നു കാറ്റിന്‍റെ വേഗത. രാവിലെ മുതല്‍ തന്നെ ശക്തമായ മഴ പെയ്തു. മരങ്ങള്‍ കടപുഴകി. പുരിയിലെ തീരദേശ മേഖലകള്‍ വെള്ളത്തിനടിയിലായി. 11 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വരും മണിക്കൂറില്‍ ഫോനിയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് രാത്രിയോടെ ബംഗാള്‍ തീരത്തേക്കെത്തും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയില്‍ വിന്യസിച്ചു. ഫോനി നാളെ ബംഗ്ലാദേശിലേക്ക് കടക്കും.

രാവിലെ ബംഗാള്‍ ഉള്‍കടലില്‍ നിന്ന് കരയിലേക്ക് കടന്ന ഫോനി , ഒഡീഷയുടെയും ആന്ധ്രയുടെയും തീരങ്ങളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് ആഞ്ഞ് വീശിയത്. അതി ശക്തമായ മഴയും കൂടെയെത്തി. 15 മുതല്‍ 20 അടിവരെ ഉയരമുള്ള വന്‍തിരമാലകാളാണ് ഒഡീഷ തീരത്തേക്ക് അടിച്ചുകയറിയത്. താഴ്ന്ന പ്രദേശങ്ങളപ്പാടെ വെള്ളത്തിനടിയിലാണ്. 1999 ന് ശേഷം ഒഡീഷ അനുഭവിച്ച ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റാണ് ഫോനി. വരുന്ന മണിക്കൂറുകളില്‍ അല്‍പ്പം തീവ്രത കുറഞ്ഞ് ചുഴലിക്കൊടുങ്കാറ്റ് വടക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങി ബംഗാള്‍ തീരത്തേക്ക് എത്തും. ബംഗാളിലേക്ക് എത്തുമ്പോള്‍ മണിക്കൂറില്‍ 100 മുതല്‍ 115 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനാണ് സാധ്യതയുള്ളത്.

അതി തീവ്രമായ മഴയും കടലാക്രമണവും ഉണ്ടാകാം. ഇതെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം നാളെ രാവിലെ വരെ അടച്ചിടും. ചുഴലിക്കൊടുങ്കാറ്റിന്റെ പാതയിലുള്ള റയില്‍, റോഡ് ഗതാഗതം നിറുത്തിവെച്ചിരിക്കുകയാണ്. 200 ട്രയിനുകള്‍ റദ്ദുചെയ്യുകയോ വഴിമാറ്റിവിടുകയോ ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയിലാകെ വിന്യസിച്ചിട്ടുണ്ട്. കര, നാവിക, വ്യോമസേനകളും തയ്യാറാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ഖരഗ്പൂരിലേക്ക് പോയി. അവിടെ നിന്ന്് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും തൃണമൂല്‍കോണ്‍ഗ്രസ് രണ്ട് ദിവസത്തെ പ്രചരണ പരിപാടികള്‍ വേണ്ടെന്നുവെച്ചു. ഫോനി വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലും കനത്ത മഴക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തുടര്‍ന്ന് ഫോനി ബംഗ്ലാദേശിലേക്ക് എത്തും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles