ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഡോക്ടറോട് ദേഷ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടറോട് പുറത്ത് കടക്കാന്‍ അഖിലേഷ് പറയുന്നത് വീഡിയോയില്‍ കാണാം.

കഴിഞ്ഞ ആഴ്ച 20 പേര്‍ കൊല്ലപ്പെട്ട ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ എത്തിയതാണ് അഖിലേഷ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരോട് അഖിലേഷ് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് ഡോക്ടര്‍ ഇടപെട്ടത്. ഡോക്ടറുടെ പെരുമാറ്റം അഖിലേഷിന് ഇഷ്ടപ്പെട്ടില്ല. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടർ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

ഉടനെ തന്നെ അഖിലേഷ് ഡോക്ടറോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. നിങ്ങള്‍ വളരെ ജൂനിയറായ ഉദ്യോഗസ്ഥനാണ്. ചെറിയൊരു ജോലിക്കാരന്‍. നിങ്ങൾ സർക്കാരിന്റെ പക്ഷത്തായിരിക്കും. സർക്കാരിന് വേണ്ടിയായിരിക്കും നിങ്ങൾ വാദിക്കുന്നത്. നിങ്ങൾ ആർ.എസ്.എസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ആയിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാത്ത കാര്യം നിങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചു. നിങ്ങൾ ഇവിടെ നിന്ന് പുറത്തു പോകൂ അഖിലേഷ് പറഞ്ഞു. രോഗികൾ പറയുന്നത് നിങ്ങൾ എനിക്ക് വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നും അഖിലേഷ് ഡോക്‌ടറോട് പറഞ്ഞു.

എമർജൻസി മെഡിക്കൽ ഓഫീസർ ഡി.എസ് മിശ്രയോടാണ് അഖിലേഷ് ദേഷ്യത്തില്‍ സംസാരിച്ചത്. ചികിത്സയിൽ കഴിയുന്നവർക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഡോക്‌ടറുടെ വിശദീകരണം. രോഗികളിൽ ഒരാൾ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അഖിലേഷിനോട് പറഞ്ഞു. അപ്പോഴാണ് അവർക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്ന കാര്യം അഖിലേഷിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ശ്രമിച്ചതെന്നും ഡോക്‌ടർ പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. യുപി സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.