ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ കൊറോണാ വൈറസ് വ്യാപനം ക്രമാതീതമായി ഉയരുന്നതായി ആരോഗ്യവകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തിര സാഹചര്യത്തെ നേരിടുന്നതിനായി ആറു ദശലക്ഷത്തിലധികം ആൾക്കാർ കൂടി ടയർ -4 നിയന്ത്രണ പരിധിയുടെ കീഴിൽ ആകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഇംഗ്ളണ്ടിൻെറ കിഴക്കും തെക്ക് കിഴക്കുഭാഗത്തുമാണ് ബോക്സിങ് ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുന്നത് . പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ കർശനമായി വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമാണ് നൽകപ്പെട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പുതിയ വൈറസ് വകഭേദത്തെ കൂടി യുകെയിൽ കണ്ടെത്തിയതായി ഹെൽത്ത് സെക്രട്ടറി വെളിപ്പെടുത്തി . കഴിഞ്ഞ രണ്ടാഴ്ചകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിച്ചേർന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ ക്വാറന്റൈന് വിധേയമാകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.

ഇതിനിടെ വീണ്ടും ദേശീയ ലോക്ക് ഡൗണിലേയ്ക്ക് പോകാനുള്ള സാധ്യതകളെ പൂർണ്ണമായി തള്ളിക്കളയാൻ ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ തയാറായില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നുള്ളതാണ് ഗവൺമെൻറിൻറെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തൊട്ടാകെയുള്ള കേസുകളിൽ 57 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിട്ടുള്ളത് . ഏപ്രിൽ തൊട്ടുള്ള കണക്കുകൾ വെച്ച് നോക്കുമ്പോൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോൾ ഏറ്റവും കൂടുതലാണ്.