സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായർ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,61,249 പേർ കഴിയുന്നു. 75,636 കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 317. തൃശൂർ (251), മലപ്പുറം (232), വയനാട് (214) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 55,720, കോഴിക്കോട് 58,317, തൃശൂരിൽ 42,176, വയനാട്ടിൽ 37,395 പേർ ക്യാംപുകളിൽ കഴിയുന്നു. കേരളത്തിലാകെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറ‍ഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. വെള്ളക്കെട്ടിൽ‌ വീണും ആളുകൾ മരിച്ചു. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി– ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങി. പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. വയനാട് ജില്ലയിലെ ദുരിത മേഖലകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കവളപ്പാറയിലെ ക്യാംപിലെത്തി നാട്ടുകാരുമായി സംസാരിച്ചു. തിങ്കളാഴ്ച രാവിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.