വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയാണ് അറസ്റ്റിലായത്. ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയായിരുന്നു ആഘോഷം. ഇതിന് മേൽനോട്ടം വഹിച്ചതാകട്ടെ, ജോയ്‌സെലിൻ ബ്രയാന്റ് എന്ന വനിതയും.

വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും തലകറങ്ങുന്നതായും അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരും എല്ലാം ഇക്കൂട്ടത്തിൽപ്പെടും. അടുത്ത നിമിഷം മരിച്ചുപോകുമോ എന്നുപോലും തോന്നിയതായി ചിലർ പറയുന്നു.

ഡാന്യയുടെയും ഭർത്താവ് ആൻഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 ആളുകളാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ആഹാരം കഴിച്ച് അധികം വൈകും മുൻപ് ഭൂരിഭാഗവും ശാരീരികനില മോശമായതിനെ തുടർന്ന് അടിയന്തര സർവീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഈ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയിരുന്നോ എന്നത് വ്യക്തമല്ല.

മുതിർന്ന സ്ത്രീകളിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ  അവരുടെ മകൾ അടുക്കള ഭാഗത്തേക്ക് പോയിരുന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാരിൽ നിന്നുമാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയ വിവരം അറിഞ്ഞത്. ഡാന്യയോടും ജോയ്‌സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോഴും കഞ്ചാവ് കലർത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറയുന്നു. എന്നാൽ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ എന്ന് ഇവർ കൂട്ടിച്ചേർത്തു. ആൻഡ്രൂവിനോട് തിരക്കിയപ്പോൾ ഇതേപ്പറ്റി തനിക്ക് അറിവില്ല എന്നായിരുന്നു പലർക്കും ലഭിച്ച മറുപടി.

പരാതികൾ ഉയർന്നതോടെ അധികൃതർ ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. സൽക്കാരത്തിൽ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിൽ എല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതിനെല്ലാം നേതൃത്വം നൽകിയ വധുവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.