ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ആരോഗ്യ സംവിധാനമായ എൻഎച്ച്എസ്സിലെ വെയിറ്റിംഗ് ലിസ്റ്റ് പുതിയ റെക്കോർഡ് തലത്തിലെത്തി . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.5 ദശലക്ഷമാണ്. ഇത് ജനസംഖ്യയുടെ 12.5 ശതമാനം വരും. മെയ് മാസത്തിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുറത്തുവന്ന കണക്കുകൾ പ്രകാരം 2007 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം. ഇതിൽ തന്നെ 385 , 022 പേർ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരാണ്. ഇത് ഏപ്രിൽ മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10000 – ത്തിലധികം കൂടുതലാണ്. ഇതിനേക്കാൾ ഒക്കെ ഞെട്ടിക്കുന്ന കാര്യമാണ് പതിനായിരത്തിലധികം ജനങ്ങൾക്ക് അവരുടെ പതിവ് ചികിത്സയ്ക്കായി 18 മാസത്തിലധികമായിട്ട് കാത്തിരിക്കേണ്ടതായി വരുന്നത്. ജൂനിയർ ഡോക്ടർമാരുടെ സമരം മൂലമുള്ള ചികിത്സ റദ്ദാക്കലുകൾ കൂടി പരിഗണിക്കുമ്പോൾ നിലവിലെ യഥാർത്ഥ കണക്കുകൾ വളരെ കൂടാനാണ് സാധ്യത .
ആളുകൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് കൂടാതെ രാജ്യത്തെ ആംബുലൻസ് സേവനം ലഭിക്കുന്നതിന്റെ സമയ പരുധിയും കൂടിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായവർക്ക് 37 മിനിറ്റാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനായി വേണ്ടി വന്നത് . മെയ് മാസത്തിൽ ഇത് 32 മിനിറ്റായിരുന്നു. പണിമുടക്കുകൾ, രോഗികളുടെ എണ്ണം കൂടുന്നത് , ബാങ്ക് അവധി ദിവസങ്ങൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നതിന് കാരണമാകുന്നുണ്ടെന്ന് എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സർ സ്റ്റീഫൻ പോവിസ് പറഞ്ഞു.
Leave a Reply