ജർമനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ച് കയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി അറിയിച്ചത്.
പരിക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണ്. പരിക്കേറ്റവരിൽ മൂന്നു പേർ ആശുപത്രി വിട്ടതായും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ബെർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒൻപത് വയസുകാരൻ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആകെ പരിക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റ് പ്രതികളില്ലെന്നാണ് സൂചന.
Leave a Reply