മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.

9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞതെന്നും, അതില്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

സിനിമ ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്.ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്‍പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.

എന്നാല്‍, ‘എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്.

”ഇത് വലിയ ഒരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള്‍ ഇത് ചെയ്യുന്നത്. തമിഴില്‍ നിന്നും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്.

ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് 9 എം.എം നിര്‍മിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.

സാം സി.എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗാനരചയിതാവ് മനു മഞ്ജിത്, എഡിറ്റര്‍ സംജിത് മുഹമ്മദ്. യാനിക് ബെന്നാണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.

അതേസമയം, രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന ‘ഉടല്‍’ എന്ന ചിത്രം മെയ് 20ന് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.