പെരിന്തൽമണ്ണ: മേലാറ്റൂരിൽ പിതൃസഹോദരൻ തട്ടിക്കൊണ്ടുപോയി പുഴയിൽ തള്ളിയ ഒൻപത് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മേലാറ്റൂർ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദിനെ (48) നിലന്പൂർ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദിന്റെ അനിയൻ അബ്ദുൽ സലീമിന്റെ മകനും നാലാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹീനെ കണ്ടെത്താനാണ് കടലുണ്ടി പുഴയിൽ തെരച്ചിൽ ഊർജിതമാക്കിയത്. ഇന്നലെ രാവിലെ മുതൽ പുഴയിൽ വിവിധയിടങ്ങളിലായി പോലീസും ഫയർഫോഴ്സും ട്രോമ കെയർ വോളണ്ടിയർമാരുടെ കൂടി സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഈയടുത്ത് അനിയൻ നടത്തിയ സാന്പത്തിക ഇടപാടിൽ കയ്യിൽ ധാരാളം പണമുണ്ടെന്ന ധാരണയിൽ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. പിന്നീട് നാടൊട്ടുക്ക് തെരച്ചിൽ തുടങ്ങിയതോടെ പ്രതിരോധത്തിലായ പ്രതി കുട്ടിയെ പുഴയിൽ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തി സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളിൽ വരെ സജീവമായി പങ്കെടുത്തിരുന്നു.
കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നൽകിയ മൊഴി. പുഴയിലെറിയും മുൻപ് കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും ഷർട്ടും വാങ്ങിനൽകുകയും ചെയ്തു. ആളെ തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു.
Leave a Reply