കണ്ണൂര്‍: കാസര്‍ഗോട്ടെ സ്വകാര്യ സഹകരണ ആശുപത്രികളിലെ സമരം ചെയ്യുന്ന നഴ്‌സുമാരുമായി ജില്ലാകലക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരാനാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ തീരുമാനമെന്ന് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ പറഞ്ഞു. മുഖ്യമന്ത്രി 20ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചവരെ സമരം നിര്‍ത്തിവയ്ക്കണമെന്നാണ് സമര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടത്.
സമര സമിതി പ്രതിനിധികളായ ഏഴുപേരും ഡി.എം.ഒ, എ.ഡി.എം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നിലവിലുള്ള സമരം പിന്‍വലിച്ച് യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. അതിനിടെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നേരിടാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ നീക്കത്തിനെതിരേ പരിയാരം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ രംഗത്ത്. മറ്റ് ആശുപത്രികളില്‍ ജോലിക്കു പോകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്‌സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാര്‍ഥികളാണ് ഇവിടെനിന്നു പോകേണ്ടത്. നഴ്‌സുമാരുടെ സമരം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പരിയാരം നഴ്‌സിങ് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ് ബഹിഷ്‌കരിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
ആശുപത്രി രജിസ്റ്ററില്‍ പോലും പേരില്ലാത്ത വിദ്യാര്‍ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഉത്തരവിനെതിരേ നാളെ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേ സമയം വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉത്തരവുപ്രകാരം ആശുപത്രിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളുടെ സേവനം ലഭ്യമാവുക. സര്‍ക്കാര്‍ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ആരോപിച്ചു.
Leave a Reply