എടത്വ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഇക്കുറി ആർപ്പുവിളികൾ ഇല്ല. കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതോടെ ജല രാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുകയാണ്. ഒപ്പം മറ്റ് ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്.

മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു.

2017 നവംബർ 30 ന് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് , ഡോ.സൗദീപ് ചാറ്റർജി എന്നിവർ ചേർന്ന് നടത്തിയത്. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര.രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.

2017 ലെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി. നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി. ജോർജിയുടെ മാതാവ് മോളി ജോണും സഹോദരിമാരും ഇന്ന് നിരാശയിലാണ്. പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ഇല്ല. ആ നല്ല ദിനങ്ങൾക്കായി വീണ്ടും കാത്തിരിക്കുകയാണ് ആദമിൻ്റെ മുത്തശ്ശി മോളി ജോൺ.