ലണ്ടന്‍: വാടകവീടുകളില്‍ നിന്ന് ഓരോ ദിവസവും പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് എന്ന് കണക്കുകള്‍. നൂറോളം ആളുകളാണ് പ്രതിദിനം പുറത്താക്കപ്പെടുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനു വേണ്ടി കേംബ്രിഡ്ജ് സെന്റര്‍ ഫോര്‍ ഹൗസിംഗ് ആന്‍ഡ് പ്ലാനിംഗ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ബ്രിട്ടനിലെ അതിരൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയുടെ ഭീകരത വ്യക്തമായത്. വാടക നിരക്ക് വര്‍ദ്ധിക്കുന്നതും ഹൗസിംഗ് ബെനഫിറ്റുകള്‍ ഇല്ലാതായതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പഠനം പറയുന്നു. 2015ല്‍ 40,000ത്തിലേറെ വാടകക്കാരാണ് പെരുവഴിയിലാക്കപ്പെട്ടത്.

2003നു ശേഷം മൂന്നാമത്തെ തവണയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകുന്നത്. പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോലിയുള്ളവര്‍ക്കു പോലും ഉയര്‍ന്ന വാടകയും ബെനഫിറ്റുകള്‍ കുറയുന്നതും മൂലം താമസസ്ഥലം നഷ്ടമാകുന്ന സ്ഥിതിയാണെന്നും പഠനം വ്യക്തമാക്കുന്നു. ഒരു കാരണവുമില്ലാതെ വീടുകളില്‍ നിന്ന് വാടകക്കാരെ പുറത്താക്കുന്ന പ്രവണത കൂടി വരികയാണ്.

നോ ഫോള്‍ട്ട് എവിക്ഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയില്‍ 80 ശതമാനവും സെക്ഷന്‍ 21 നോട്ടീസ് നല്‍കിയ ശേഷമാണ് ചെയ്യുന്നത്. വാടകക്കാര്‍ ദോഷകരമായി ഒന്നും ചെയ്തില്ലെങ്കില്‍പ്പോലും രണ്ടു മാസത്തെ നോട്ടീസ് നല്‍കി ഇവരെ പുറത്താക്കാന്‍ അനുവാദം നല്‍കുന്ന വകുപ്പാണ് ഇത്. ഇതിന് വീട്ടുടമസ്ഥന്‍ കാരണവും ബോധിപ്പിക്കേണ്ടതില്ല. ബെനഫിറ്റുകള്‍ ഇല്ലാതായത് ഒട്ടേറെപ്പേര്‍ക്ക് വാടക താങ്ങാവുന്നതിലേറെയാക്കിയെന്നും പഠനം പറയുന്നു.