ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലം. മാത്യു ചേട്ടൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് മാത്യു മാളിയേക്കല്‍ മരണത്തിന് കീഴടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി ആശുപത്രിയിൽ പോയി മടങ്ങി വരവേ ബസില്‍ നിന്നും തെന്നി വീണു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളായി. ജീവന്‍ രക്ഷ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ പിടിച്ചുനിർത്തിയത്. എന്നാൽ മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കാതായതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന മാത്യു ചേട്ടൻ യുകെ മലയാളികൾക്ക് പരിചിതനാണ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഭാര്യ റിനിയെയും മക്കളായ ഇഷയെയും ജെറോമിനെയും തനിച്ചാക്കി മാത്യു യാത്രയായത് സുഹൃത്തുക്കള്‍ക്കും തീരാവേദനയായി. കോട്ടയം സ്വദേശിയായ മാത്യു, ലണ്ടന്‍ ക്‌നാനായ മിഷന്‍ അംഗമാണ്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.

സ്റ്റഡി ഡേയുടെ ഭാഗമായി ജോലി സ്ഥലത്തെ ക്ലാസിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇടുപ്പെലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂഹാം ഹോസ്പിറ്റലിലെ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പരിശോധനകള്‍ക്കു വിധേയനായി. എന്നാൽ അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നേഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്തു വരികയായിരുന്നു മാത്യു. ന്യൂഹാം ഹോസ്പിറ്റലിലെ നേഴ്സാണ് ഭാര്യ റിനി.