ഗുരുവായൂരില്‍ കെട്ടിയ താലി ഊരി കാമുകനൊപ്പം പോയെന്ന് പറയുന്ന പെണ്‍കുട്ടിക്ക് പിന്നാലെയാണ് ഏവരും. പെണ്‍കുട്ടിയെ തേപ്പുകാരിയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ സംഭവം ആഘോഷിക്കുകയാണ്. വരന്റെയും പെണ്‍കുട്ടിയുടേയും ചിത്രങ്ങള്‍ പോലും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കോലാഹലമാണ് നടക്കുന്നത്. പെണ്‍കുട്ടിക്ക് തേപ്പുകാരിയെന്ന വിളിപ്പേര് നല്‍കി മാനസികമായി തകര്‍ക്കുന്ന നിലയിലാണ് കാര്യങ്ങള്‍.അവളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന അപേക്ഷയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടും സോഷ്യല്‍ മീഡിയയിലെ തേപ്പ് പ്രയോഗത്തിനും അപമാനിക്കലിനും കുറവുണ്ടായിട്ടില്ല. അതിനിടയിലാണ് പെണ്‍കുട്ടി ആര്‍ക്കൊപ്പം പോയെന്ന് പറയുന്നുവോ ആ കാമുകന്‍ തന്നെ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നുവെന്ന് കെട്ടിയ താലി ഊരി തിരികെ നല്‍കി വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രണയമടക്കമുളള എല്ലാ കാര്യങ്ങളും വരനടക്കമുള്ള എല്ലാവരോടും അവള്‍ പറഞ്ഞിരുന്നു. പക്ഷെ പണമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. താത്പര്യമില്ലെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാട്ടിയ ഷിജിന്റെ ലക്ഷ്യം പണമായിരുന്നുവെന്നും കാമുകനായ അഭിജിത് വ്യക്തമാക്കി.

75 പവന്‍ സ്വര്‍ണം സ്ത്രീധനം കിട്ടുന്നതായിരിക്കും അയാള്‍ നോക്കിയത്. പൈസ മാത്രമല്ല പ്രശ്‌നം. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പരമാവധി അപമാനിച്ച് മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യവും അയാള്‍ക്കുണ്ടെന്ന് തോന്നുന്നതായും അഭിജിത് പറഞ്ഞു.

താലി ഊരി നല്‍കിയ ഉടന്‍ ചെറുക്കന്റെ അമ്മാവന്‍ അവളെ ചെരിപ്പൂരി അടിച്ചു. പിന്നീട് ഗുരുവായൂരില്‍ കയ്യാങ്കളിയായി. 15 ലക്ഷമാണ് പൊലീസ് സ്റ്റേഷനില്‍ വച്ച് നഷ്ടപരിഹാരം ചോദിച്ചത്. അതില്‍ 8 ലക്ഷം കൊടുക്കാന്‍ തീര്‍പ്പായെന്നും കാമുകന്‍ പറയുന്നു. തനിക്ക് 20 വയസ്സുമാത്രമാണുള്ളതെന്നും മൈനറായതിനാല്‍ ഇപ്പോള്‍ നിയമപരമായി വിവാഹം കയിക്കാന്‍ സാധിക്കില്ലെന്നും അഭിജിത് ചൂണ്ടികാട്ടി.

 

മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും അഭിജിത് പറയുന്നു. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമ്പോള്‍ നിസ്സഹായ ആയ പെണ്‍കുട്ടി എന്തുചെയ്യുമെന്നും യുവാവ് ചോദിക്കുന്നു. അവള്‍ തേപ്പുകാരിയല്ലാത്തതിനാലാണ് ഇത്രയൊക്കെ സമ്മര്‍ദ്ദമുണ്ടായിട്ടും കാമുകനെ വഞ്ചിക്കാത്തതെന്നും അഭിജിത് ചൂണ്ടികാട്ടി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് താനെന്ന് വ്യക്തമാക്കിയ അഭിജിത് പഠനം കഴിഞ്ഞാലുടന്‍ വിവാഹം നടത്താനെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ഇരു വീട്ടുകാരെന്നും വ്യക്തമാക്കി.

ഇനിയെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനിക്കല്‍ അവസാനിപ്പിക്കണമെന്നും കാമുകന്‍ അപേക്ഷിച്ചു. സത്യം മനസ്സിലാക്കാതെ എന്തെങ്കിലും കേട്ട ഉടനെ വിവാദമുണ്ടാക്കുന്ന പ്രവണതയ്‌ക്കെതിരെ നേരത്തെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും അവള്‍ സ്വന്തം വീട്ടിലുണ്ടെന്നും ചൂണ്ടികാട്ടി മാധ്യമ പ്രവര്‍ത്തക ഷാഹിന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.