ലണ്ടന്‍: ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഒരേ ജോലി ചെയ്യുന്നവരുമായ കറുത്തവര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും ബ്രിട്ടനില്‍ ലഭിക്കുന്നത് വ്യത്യസ്ത വേതനമെന്ന് വെളിപ്പെടുത്തല്‍. കറുത്തവര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എ ലെവല്‍ വിദ്യാഭ്യാസമുള്ള കറുത്തവര്‍ക്ക് അതേ യോഗ്യതയുള്ള വെളുത്തവരേക്കാള്‍ 10 ശതമാനം കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. മണിക്കൂറില്‍ ശരാശരി 1.20 പൗണ്ടാണ് ഈ വിധത്തില്‍ ഇവര്‍ക്ക് നഷ്ടമാകുന്നതെന്ന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിഗ്രി വരെ വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് 14 ശതമാനം കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. ഉയര്‍ന്ന ബിരുദങ്ങളോ ഡിപ്ലോമകളോ ഉള്ള ബ്ലാക്ക്, ആഫ്രിക്കന്‍, കരീബിയന്‍, ബ്ലാക്ക് ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് വെളുത്തവരേക്കാള്‍ 20 ശതമാനം കുറഞ്ഞ വേതനമാണ് ലഭിച്ചു വരുന്നതെന്നും ടിയുസി വെളിപ്പെടുത്തുന്നു. ജിസിഎസ്ഇയില്‍ സി ഗ്രേഡ് ലഭിച്ചവ കറുത്തവര്‍ അവരുടെ അതേ യോഗ്യതയുള്ള വെളുത്തവരേക്കാള്‍ 12 ശതമാനവും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ 5 ശതമാനവും കുറഞ്ഞ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ശരാശരിയില്‍ നിന്ന് 8.3 ശതമാനം കുറഞ്ഞ വേതനമാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മണിക്കൂറിന് ഓരോ തൊഴിലാളിക്കും നല്‍കുന്ന വേതനം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. വംശീയത തൊഴിലിടങ്ങളില്‍ ഇപ്പോളും രൂക്ഷമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇത്. തൊഴിലാളികള്‍ക്ക് അവരുടെ വംംശീയത അനുസരിച്ച് നല്‍കുന്ന ശമ്പളത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കണമെന്ന് ഈ കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ടിയുസി ആവശ്യപ്പെട്ടു. അപ്രകാരം ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന്റെ രൂക്ഷത മനസിലാക്കാന്‍ കഴിയൂ എന്നും ടിയുസി വ്യക്തമാക്കി.