ജെഗി ജോസഫ്

ബ്രിസ്‌കയുടെ ഓണാഘോഷത്തിന് ഇനി രണ്ടുനാള്‍ മാത്രം. സമാനതകളില്ലാത്ത ഒരാഘോഷമാണ് ഇക്കുറിയും ബ്രിസ്‌ക ഒരുക്കുന്നത്. ആവേശവും ആഘോഷവും നിറഞ്ഞ ഒരുപിടി നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ദിവസങ്ങളായുള്ള മുന്നൊരുക്കങ്ങളാണ് ഏവരും നടത്തുന്നത്. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നും മാതൃകയാക്കാവുന്ന പ്രവൃത്തികള്‍ കൊണ്ടാണ് ബ്രിസ്‌ക മറ്റ് അസോസിയേഷനുകളില്‍ നിന്ന് വ്യത്യസ്തരാകുന്നത്. ഇക്കുറിയും ആഘോഷങ്ങള്‍ക്ക് മുമ്പേ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ചാരിറ്റി പ്രവര്‍ത്തിയിലൂടെ വ്യത്യസ്ഥരായിരിക്കുകയാണ് അസോസിയേഷന്‍.

വിശപ്പകറ്റുക എന്നത് പ്രത്യേകിച്ച് ആഹാരത്തിന് വേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരം ഭക്ഷണം നല്‍കുക എന്നത് വലിയ പുണ്യപ്രവൃത്തിയാണ്. അന്നദാനം മഹാദാനമാണെന്നാണ് പറയാറുള്ളത്. വിശപ്പിന്റെ വിളിയറിയുന്നവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഭക്ഷണം നല്‍കി ബ്രിസ്‌ക മാതൃകയായി. സിക്ക് മതസ്ഥരുടെ ഗുരുദ്വാരയില്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്ന രീതിയുണ്ട്. ഇതിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പണം നല്‍കി അവരോടൊപ്പം ഭക്ഷണം കഴിച്ച് ബ്രിസ്‌ക പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും നേതൃത്വത്തില്‍ ബ്രിസ്‌ക എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ശ്രദ്ധേയരായി. കഴിഞ്ഞ വര്‍ഷം ചാരിറ്റി അപ്പീലിലൂടെ സ്‌നേഹഭവനും ബ്രിസ്റ്റോളിലെ സെന്റ്പീറ്റേഴ്‌സ്‌ഹോസ്റ്റേഴ്‌സിനും ബ്രിസ്‌ക സഹായം നല്‍കിയിരുന്നു. ഇക്കുറിയും പതിവ് മുടക്കാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് അസോസിയേഷന്‍.

ഓണാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ ഒരുക്കങ്ങള്‍ സജീവമായിരിക്കുകയാണ്. വിവിധ അയല്‍ക്കൂട്ടങ്ങള്‍ ആഹാരമുണ്ടാക്കുന്ന കാര്യങ്ങളിലും ലിസ്റ്റും ഒരുക്കി. കലാപരിപാടികളുടെ ലിസ്റ്റും തയ്യാറായി. ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാനായി ക്രമീകരണങ്ങളും തയ്യാറായി.
ജിസിഎസ്ഇ എ ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ഓണാഘോഷ വേളയില്‍ അവാര്‍ഡ് നല്‍കും. ഇനിയും ആരെങ്കിലും പേരു നല്‍കാനുണ്ടെങ്കില്‍ കമ്മറ്റിയുമായി ബന്ധപ്പെടണം.

നാട്ടിലില്ലെങ്കിലും നാടിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട് ആഘോഷത്തിന്റെ ഭാഗമാകാന്‍ ഓരോ പ്രവാസികളും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മനോഹരമായി ആ ദിവസം കൊണ്ടാടാനാണ് ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ശ്രമിക്കുന്നത്. ഓണപ്പാട്ടും ഓണക്കളിയും ഓണ സദ്യയുമൊക്കെയായി ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ബ്രിസ്‌ക ഭാരവാഹികള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്തംബര്‍ 9ന് 11 മണി മുതല്‍ ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് ഓണാഘോഷം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നത്. രുചികരമായ ഓണസദ്യക്ക് ശേഷം ഏകദേശം രണ്ടര മണിയോടെയാണ് ഓണാഘോഷ മത്സരങ്ങളില്‍ ഏറെ വാശിയേറിയ ഇനമായ വടംവലി മത്സരം ആരംഭിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും മത്സരങ്ങള്‍ സംഘടനകള്‍ തമ്മിലാകുമ്പോള്‍ കടുത്തതായിരിക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ടീമിന് 20 പൗണ്ടും വനിതകളുടെ ടീമിന് 10 പൗണ്ടും ആണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനായി ബ്രിസ്‌ക കമ്മറ്റി അംഗങ്ങളുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.

ആവേശകരമായ വടംവലി മത്സരത്തിന് ശേഷം നടക്കുന്ന കലാപരിപാടികള്‍ ഓണാഘോഷത്തെ കൂടുതല്‍ പ്രൗഢ ഗംഭീരമാക്കും. കലാപരിപാടിയുടെ ഏറ്റവും ആകര്‍ഷകമായ ഓപ്പണിങ് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പൂക്കളം സെപ്തംബര്‍ ആദ്യം മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തീയതികളില്‍ ജഡ്ജ്‌മെന്റ് നടത്തുന്നതായിരിക്കും. ഓണപ്പൂക്കള മത്സരത്തിന് രജിസ്‌ട്രേഷന്‍ ഫീസില്ല. എന്നാല്‍ ഓണാഘോഷ ദിനമായ സെപ്തംബര്‍ 9ന് മത്സര വിജയികളെ പ്രഖ്യാപിക്കില്ല.

ബ്രിസ്റ്റോളിലെ 13 ഓളം അസോസിയേഷനുകളുടെ കൂട്ടായ്മയാണ് അത് കൊണ്ട് തന്നെ ബ്രിസ്‌ക. എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളുടെയും ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. ഓണമെന്നത് ഓരോ മലയാളികള്‍ക്കും മറക്കാന്‍ കഴിയാത്ത കുറേ നല്ല നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. അത്തരത്തില്‍ പുതു തലമുറയ്ക്കും ഓണം ഒരു നല്ല ഓര്‍മ്മയാകാന്‍, മനസില്‍ മാവേലിയേയും സമ്പദ് സമൃദ്ധമായ കേരളത്തിന്റെ ആ നല്ല നാളുകളേയും ഓര്‍മ്മിപ്പിക്കാന്‍, കേരളത്തിന്റെ ഒത്തൊരുമയുടെ ഉത്സവത്തിലൂടെ കടന്നുപോകാനുള്ള ഒരു അവസരമാണ് ബ്രിസ്‌ക ഒരുക്കുന്നത്.

ബ്രിസ്‌കയുടെ ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.