ടോം ജോസ് തടിയമ്പാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ മൂന്നാമത് കുടുംബസംഗമം യോര്‍ക്ക്ഷയര്‍ ഡെയിലില്‍ നടന്നു. മൂന്നുദിവസം താമസിച്ചുകൊണ്ട് നടത്തിയ കുടുംബസംഗമം എല്ലാവര്‍ക്കും സന്തോഷത്തിന്റെയും കൂടിചേരലിന്റെയും ഒരു പുതിയ അനുഭവമാണ് നല്‍കിയത്. വിനിത എബിയുടെ നേതൃത്വത്തില്‍ നടത്തിയ ഒട്ടേറെ തമാശുകളികള്‍ എല്ലാവരെയും വളരെയേറെ ചിരിപ്പിച്ചു. കണ്ണുകെട്ടിക്കൊണ്ട് നിരന്നിരിക്കുന്ന സ്ത്രീകളുടെ കൈപ്പത്തിമാത്രം പരിശോധിച്ച് ഭാര്യയെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ എല്ലാവരും അന്യന്റെ ഭാര്യയെ കണ്ടെത്തിയപ്പോള്‍ നോര്‍ത്ത് അലര്‍ട്ടനില്‍ നിന്നും വന്ന സുനില്‍ മാത്യു മാത്രം സ്വന്തം ഭാര്യയെ കണ്ടെത്തി സമ്മാനംനേടി.


ഞങ്ങള്‍ താമസിച്ച ബങ്ക് ബാന്‍ കോട്ടേജ് തന്നെ വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. മേല്‍ക്കൂര കീറിയെടുത്ത കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. കെട്ടിടം പൂര്‍ണ്ണമായും കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. പുറത്തുനിന്നു നോക്കിയാല്‍ വലിയ ഭംഗി തോന്നിയില്ലെങ്കിലും അകത്തു വളരെ വിശാലമായ സൗകര്യമാണ് കാണാന്‍ കഴിഞ്ഞത്. പുറത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ ഫുട്ബോള്‍ ഗ്രൗണ്ട് കൂടാതെ ബൗണ്‍സികാസില്‍ കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷമായി.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി സജി തോമസിന്റെ മകള്‍ അനക്സ്യയുടെ 9-ാം ജന്മദിനം എല്ലാവരും കൂടി കേക്ക്മുറിച്ചു ആഘോഷിച്ചു. കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ബെര്‍മിംഗ്ഹാമിലുള്ള പ്രിയയുടെ മാതാപിതാക്കളായ വാസുദേവന്‍, ലത എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു. വളരെ രുചികരമായ ഭക്ഷണം സുനില്‍ മാത്യു, എബി ജോണ്‍, സുനില്‍ കുമാര്‍ മേനോന്‍, ലത വാസുദേവന്‍. എന്നിവര്‍ ചേര്‍ന്ന് തയാറാക്കി. ഫാമില്‍ നിന്നും സുനില്‍ മാത്യു കൊണ്ടുവന്ന മാനിറച്ചി ആയിരുന്നു വിഭവങ്ങളിലെ കേമന്‍.

രാവിലെ എല്ലാവരും കൂടി മലകയറാന്‍ പോയപ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ 5 പവന്റെ സ്വര്‍ണ്ണമാല റോഡില്‍ വീണുപോയത് വൈകുന്നേരമാണ് അറിഞ്ഞത്. വൈകുന്നരം തപ്പിച്ചെന്നപ്പോള്‍ അത് റോഡില്‍ നിന്നും തിരിച്ചുകിട്ടി. പൊതുവേ സ്വര്‍ണ്ണ സ്നേഹികള്‍ അല്ലാത്ത ഇംഗ്ലീഷുകാരുടെ ദൃഷ്ടിയില്‍ മാല പെട്ടില്ല എന്നു വിചാരിക്കാം. തികച്ചും ഒരു ഇംഗ്ലീഷ് ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും കുറച്ചു നല്ല മനുഷ്യരെയും അവിടെ കാണാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ കുടുംബ സംഗമം തിങ്കളാഴ്ച രാത്രിയിലാണ് അവസാനിച്ചത്. അടുത്ത സംഗമത്തിന്റെ സ്ഥലവും തിയതിയും തീരുമാനിക്കാന്‍ ജയ് മോന്‍ ജോര്‍ജിനെ യോഗം ചുമതലപ്പെടുത്തി. ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് മാര്‍ട്ടിന്‍ കെ ജോര്‍ജായിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ അവിടെ കൂടിയ യോഗം തിരുമാനിച്ചു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മൂന്നുദിവസത്തെ ജീവിതം എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമാണ് നല്‍കിയത്.