ലണ്ടന്‍: ഐല്‍വര്‍ത്തില്‍ നിന്നുള്ള പതിനൊന്ന്കാരിയായ മലയാളി പെണ്‍കുട്ടിയ്ക്ക് അപൂര്‍വ്വ നേട്ടം. യുകെയില്‍ ഒരു ശതമാനം മാത്രം വരുന്ന അതിബുദ്ധിശാലികളുടെ ഗണത്തിലേക്കാണ് അനുഷ്ക ബിനോയ്‌ എന്ന മലയാളി പെണ്‍കുട്ടി നടന്നു കയറിയത്. യുകെയിലെ ഏതൊരു മലയാളിക്കും അഭിമാനത്തോടെ പറയാവുന്ന നേട്ടമാണ് ചെറു പ്രായത്തില്‍ തന്നെ അനുഷ്ക ബിനോയ്‌ സ്വന്തമാക്കിയിരിക്കുന്നത്. പതിനൊന്നാം വയസ്സില്‍ യുകെയിലെ പ്രശസ്തമായ മെന്‍സ ടെസ്റ്റില്‍ മാക്സിമം മാര്‍ക്ക് വാങ്ങിയാണ് അനുഷ്ക ബിനോയ്‌ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മെന്‍സ ടെസ്റ്റില്‍ സ്കോര്‍ ചെയ്യാവുന്ന പരമാവധി മാര്‍ക്ക്‌ ആയ 162 മാര്‍ക്ക് ആണ് ഈ മിടുക്കി സ്കോര്‍ ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
വെസ്റ്റ്‌ ലണ്ടനിലെ ഐല്‍വര്‍ത്തില്‍ ഐടി കണ്‍സള്‍റ്റന്റ് ആയി ജോലി ചെയ്യുന്ന ബിനോയ്‌ ജോസഫിന്‍റെ മകളാണ് അനുഷ്ക ബിനോയ്‌. ചെറുപ്പം മുതല്‍ തന്നെ വായനയില്‍ അതീവ തല്‍പ്പര ആയിരുന്ന അനുഷ്ക വായിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നതില്‍ മിടുക്ക് കാണിക്കുകയും ചെയ്തിരുന്നു. മകളുടെ കഴിവ് തങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെങ്കിലും മെന്‍സ ടെസ്റ്റിലെ ഈ അപൂര്‍വ്വ നേട്ടം അപ്രതീക്ഷിതം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

anushka2

സെന്റ്‌ മേരീസ് കാത്തലിക്ക് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയ അനുഷ്കയ്ക്ക് പരീക്ഷാ ഹാളില്‍ കയറിയപ്പോള്‍ ആകെ അമ്പരപ്പ് ആയിരുന്നു. ഒപ്പം ഇരിക്കുന്നവര്‍ എല്ലാം തന്നെക്കാള്‍ വളരെ മുതിര്‍ന്നവര്‍. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ അമ്പരപ്പ് ഒപ്പം പരീക്ഷ എഴുതിയവര്‍ക്കായി. അനുഷ്ക്യ്ക്കാകട്ടെ മാക്സിമം സ്കോര്‍ നേടിയതിന്‍റെ ആഹ്ലാദവും.

ക്രിയേറ്റിവ് റൈറ്റിംഗില്‍ താത്പര്യമുള്ള അനുഷ്കയ്ക്ക് ക്രിയേറ്റീവ് റൈറ്റര്‍മാരുടെ ഗ്രൂപ്പില്‍ കയറി പറ്റുക എന്നതാണ് അടുത്ത ആഗ്രഹം.