ലാസ് വേഗസ്∙ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. മാൻഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണു പ്രാഥമിക റിപ്പോർട്ട്. നൂറിലധികം പരുക്കേറ്റുതായി പൊലീസ് പറഞ്ഞു.
ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. പരിപാടി ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കളൊന്നും ആക്രമികൾ ഉപയോഗിച്ചിട്ടില്ല. യന്ത്രത്തോക്കുകളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നു കരുതുന്നു. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ശക്തമാണെന്നു ലാസ് വേഗസ് മെട്രോപൊളീറ്റൻ പൊലീസ് അറിയിച്ചു.
കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Leave a Reply