രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് നിലവില്‍ 1,44,817 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ വെറും 18 ദിവസം കൊണ്ട് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു.

കഴിഞ്ഞദിവസം മാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 3717 ആയി ഉയര്‍ന്നു.

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചത്. ജൂണ്‍ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.