കൊച്ചി: തിയേറ്റർ സംഘടന ഫിയോകി(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള)ന്റെ തലപ്പത്തേക്കു നടൻ ദിലീപ് തിരിച്ചെത്തി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി 85 ദിവസങ്ങൾക്കുശേഷം ജാമ്യത്തിൽ പുറത്തുവന്നതിനു പിന്നാലെയാണ് ദിലീപിനെ വീണ്ടും ഫിയോകിന്റെ തലപ്പത്ത് അവരോധിച്ചത്. സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ചേർന്നാണു തീരുമാനം കൈക്കൊണ്ടത്. ഫിയോകിൽ നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമ പ്രതിനിധികളും അംഗങ്ങളാണ്.
സംഘടനയുടെ പ്രസിഡന്റായിരുന്ന നിർമാതാവ് ആന്റണി പെരുന്പാവൂർ ദിലീപിനുവേണ്ടി സ്ഥാനമൊഴിഞ്ഞു നൽകി. ദിലീപ് കുറ്റവിമുക്തനായില്ല, ജാമ്യത്തിൽ പുറത്തിറങ്ങുക മാത്രമാണു ചെയ്തതെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സംഘടനയിലെ അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള തീരുമാനമാണ് ഇതെന്ന് ആന്റണി പെരുന്പാവൂർ പറഞ്ഞു.
തിയേറ്റർ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ചതിനെ തുടർന്നാണു ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപംകൊണ്ടത്. ദിലീപ് പ്രസിഡന്റും ആന്റണി പെരുന്പാവൂർ വൈസ് പ്രസിഡന്റുമായാണ് സംഘടന രൂപീകരിച്ചതെങ്കിലും നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ സംഘടനയുടെ തലപ്പത്തുനിന്നു പുറത്താക്കിയിരുന്നു.
Leave a Reply