കൊച്ചി: കലാലയ സമരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന കോടതി വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണ്. നിങ്ങള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കുക. അതുതന്നെയാണ് നിങ്ങളുടെ മാതാപിതാക്കളോടും പറയാനുള്ളത്. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല. ഇവ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
സമരം നടത്തുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കോളജ് പരിസരത്ത് ടെന്റുകള്‍ കെട്ടി സമരം പാടില്ല. പട്ടിണി സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. ടെന്റു കെട്ടിയാല്‍ അവ പൊളിച്ചുനീക്കാം. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
പൊന്നാനി എം.ഇ.എസ് കോളജ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയ്ക്കെതിരെ കോളജില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ടെന്റ് കെട്ടിയാണ് സമരം നടത്തിയിരുന്നത്. എസ്.എഫ്.ഐ നേതാവിനെയും പോലീസിനെയും എതിര്‍കക്ഷികളാക്കിയാണ് എം.ഇ.എസ് കോടതിയെ സമീപിച്ചത്.
Leave a Reply