കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്ന് രാവിലെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറില്‍ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ജോജുവിന്റെ ചെയ്തികള്‍ സ്വാഭാവികമായിരുന്നില്ലെന്ന് കാണിച്ച്‌ സംഭവമുണ്ടായ ഉടന്‍ തന്നെ ജോജുവിന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് കൊണ്ടുപോയി രണ്ടു മിനിറ്റിനകം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണം.

മാത്രമല്ല, അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.