കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിയുടെ ചികിത്സയില്‍ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ വീണ്ടും ആരോപണം. ഗൗരിയുടെ പിതാവ് പ്രസന്നകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് മണിക്കൂര്‍ ചികിത്സിക്കാന്‍ 4106 രൂപ ആശുപത്രി ഈടാക്കി. വിദഗ്ദ്ധ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അക്കാര്യം വിശ്വസിക്കാനാകില്ലെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി.
വിദഗ്ദ്ധ ചികിത്സ നല്‍കിയെന്ന ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും വാദം ശരിയാണെങ്കില്‍ 4106 രൂപയ്ക്ക് എങ്ങനെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായെന്നും കുട്ടിയുടെ പിതാവ് ചോദിക്കുന്നു. കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്കൂള്‍ അധികൃതര്‍ ബെന്‍സിഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഗൗരി ചാടിയത്. 1.45ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
വൈകിട്ട് 4.10ന് ആശുപത്രിയധികൃതര്‍ തന്നെ ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓക്സിജന്‍ പോലുമില്ലാത്ത ആംബുലന്‍സായിരുന്നു നല്‍കിയത്. ഇത് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിയപ്പോളാണ് അറിഞ്ഞത്.
Leave a Reply