കര്‍ഷകരില്‍ നിന്നും ഉപഭോക്താവിലേക്ക് നേരിട്ടുള്ള പാത ആം ആദ്മി പാര്‍ട്ടി ഒരുക്കുന്നു. കര്‍ഷകനെ ദുരിതത്തിലാഴ്ത്തുന്ന നയമാണ് സര്‍ക്കാരുകള്‍ പിന്തുടരുന്നത്. കേരളത്തിന്റെ ആവശ്യത്തില്‍ അഞ്ചില്‍ ഒന്ന് പോലും നെല്ലുല്‍പാദനം ഇവിടെ നടക്കുന്നില്ല എന്നിട്ടും കേരളത്തിലെ കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവിടെ ദയനീയമായി പരാജയപ്പെടുന്നു, മറുവശത്ത് ഉപഭോക്താവിന് കിട്ടുന്ന അരി നല്ലതാണെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയുന്നില്ല. പലപ്പോഴും രാസവസ്തുക്കള്‍ അടങ്ങിയ ഗുണമേന്മയില്ലാത്ത അരിയാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമായിട്ടാണ് കര്‍ഷകനില്‍ നിന്ന് ഉപഭോക്താവിലേക്ക് എന്ന പദ്ധതി ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയിട്ടുള്ളത്

അതിന്റെ ഒന്നാം ഘട്ടം ലോകഭക്ഷ്യ ദിനത്തില്‍ പാലക്കാട് ജില്ലയിലെ വിളയോടിയില്‍ നടന്ന ചടങ്ങില്‍ പാലക്കാട് ജില്ലയിലെ ഏറ്റവും പ്രമുഖ സ്വതന്ത്ര കര്‍ഷക കൂട്ടായ്മയായ ‘ദേശീയ കര്‍ഷക സമാജത്തില്‍’ നിന്നും നല്ല നെല്ല് ശേഖരിച്ച് പാലക്കാട്ടെ കര്‍ഷക ഗ്രൂപ്പുകള്‍ തന്നെ അരിയാക്കുന്ന പദ്ധതി ആരംഭിച്ചു. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക നെല്ലിന് ഒരു കിലോയ്ക്ക് 23 രൂപ 30 പൈസയാണ്. എന്നാല്‍ ഈ വിലയ്ക്ക് പോലും സമയത്തിന് നെല്ല് ഏറ്റെടുക്കാതെ വരികയും അതിന്റെ ഫലമായി സ്വകാര്യ മില്ലുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നെല്ലിന് കിലോക്ക് 25 രൂപ നല്‍കി കൊണ്ട് ആം ആദ്മി പാര്‍ട്ടി നെല്ല് സംഭരണം ആരംഭിച്ചത്.

ഇത് അരിയാക്കി തുടക്കത്തില്‍ ആം ആദ്മി വോളന്റിയര്‍ വഴിയാണ് വിതരണം ആരംഭിക്കുന്നത്. ഈ സംരംഭത്തിന് വ്യാപാര സ്വഭാവമില്ല, ഇതിനു ലാഭത്തിന്റേയോ നഷ്ടത്തിന്റെയോ വിഷയമല്ല മറിച്ച് കര്‍ഷകന് നെല്ലിന് കിലോയ്ക്ക് 25 രൂപയും കീടനാശിനി ഇല്ലാത്ത അരി ഉപഭോക്താവിനും ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. ഇത്തരത്തിലുള്ള ഒരു പരിപാടി ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കലാണ്.

കേവലം സമരങ്ങള്‍ കൊണ്ടു മാത്രം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നു ഇത്തരം മാതൃകാപരമായ പരിപാടികളിലൂടെ, കഴിയുമെങ്കില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം എന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ഇതിന്റെ ആരംഭം എന്ന നിലയിലാണ് ലോകഭക്ഷ്യ ദിനത്തില്‍ ശേഖരിച്ചുവച്ച നെല്ല് അരിയാക്കി അതിന്റെ ആദ്യ വിതരണം ഇവിടെ ആരംഭിക്കുന്നത്. ഈ പരിപാടി കുട്ടനാട്ടിലേക്കും കേരളത്തിലെ മറ്റു നെല്ലുല്പാദന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 65 രൂപയാണ് പാലക്കാടന്‍ മട്ട അരിക്ക് കണക്കാക്കിയിട്ടുള്ളത്, ഈ വിലയില്‍ നെല്ലിന്റെയും ഇനവും അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇതിന്റെ ആദ്യ വിതരണ ഉദ്ഘാടനം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്‍ നീലകണ്ഠന്‍ നിര്‍വഹിച്ചു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവും കര്‍ഷകരുടെ നിലനില്‍പ്പും ഈ പ്രയത്‌നത്തിലൂടെ സംരക്ഷിക്കപെടുമെന്നും മുഴുവന്‍ മലയാളികളുടെയും പങ്കാളിത്തം ഉണ്ടാവുമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപെട്ടു. യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക വിഭാഗം കണ്‍വീനര്‍ പത്മനാഭന്‍ ഭാസ്‌ക്കരന്‍, ശ്രീ ഉദയ പ്രകാശ്, സെക്രട്ടറി പോള്‍ തോമസ്, ട്രെഷരര്‍ ജോസ് ഒലിക്കന്‍, പ്രവിന്‍ ഫിലിപ്പ്, വേണുഗോപാല്‍, ജനാര്‍ദ്ദനന്‍, ഷക്കീര്‍ അലി,ഷൈബു മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.