ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയില്‍ വിളമ്പാനെത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളിൽ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.

പുതുവർഷത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വൻ തോതിൽ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയത്. ജില്ലാ അതിർത്തിയിലെ വനപാതകളും എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്.