ഒരു സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെതിരെ തന്നെ കോടതിയില്‍ പോകുന്ന മന്ത്രി തോമസ് ചാണ്ടി ഭരണഘടനാ വിഭാവനം ചെയ്യുന്ന കൂട്ടുത്തരവാദിത്തമെന്ന തത്വത്തിന്റെ ലംഘനമാകയാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം സംബന്ധിച്ച വിശദമായ ഒരു മെമ്മോറാണ്ടം പാര്‍ട്ടി ഗവര്‍ണര്‍ക്കു ഫാക്‌സ് വഴി അയച്ചു. മുഖ്യമന്ത്രിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ അധികാരം സംസ്ഥാന മന്ത്രിസഭക്കായിരിക്കെ ആ മന്ത്രി സഭയിലെ ഒരംഗം തന്നെ അതിനെതിരെ കോടതിയെ സമീപിക്കുന്നു എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിക്ക് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം മന്ത്രിക്കു സ്വീകാര്യമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. അത്തരമൊരാളെ മന്ത്രി സഭയില്‍ തുടരാന്‍ അനുവദിക്കുന്നത് വഴി മുഖ്യമന്ത്രിയും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് ഇടപെട്ടു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം പരിഗണിച്ച് ഇതില്‍ ഇടപെടണമെന്നാണ് ആവശ്യം.
Leave a Reply