സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.

തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, വയനാട്- ആനി രാജ, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.