ന്യൂസ് ഡെസ്ക്
സമാഹരിക്കാൻ ലക്ഷ്യമിട്ടത് ആയിരത്തോളം പൗണ്ട് മാത്രം.. ചാരിറ്റി ഫണ്ട് റെയിസിങ്ങ് ജനങ്ങൾ നെഞ്ചിലേറ്റിയപ്പോൾ ലഭിച്ചത് 4836 പൗണ്ട്.. ലിങ്കൺഷയറിലെ മലയാളികൾ സ്കൻതോർപ്പിൽ നടത്തിയ ചാരിറ്റി ഫണ്ട് റെയിസിങ്ങിലാണ് ഇന്ത്യൻ സമൂഹത്തിൻറെയും ഇംഗ്ലീഷ് കമ്യൂണിറ്റിയുടെയും അത്യപൂർവ്വമായ സഹകരണം ലഭിച്ചത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ മറ്റേണിറ്റി ബിറീവ്മെൻറ് സ്യൂട്ടിനായാണ് ഫണ്ട് സമാഹരിക്കുവാൻ മലയാളി സമൂഹം മുൻകൈ എടുത്തത്. ഇന്ത്യൻ സമൂഹത്തിൻറെ ഒത്തൊരുമയോടെയുള്ള ചാരിറ്റി പ്രവർത്തനത്തിനെ ഇംഗ്ലീഷ് സമൂഹം മുക്തകണ്ഠം പ്രശംസിച്ചു.
സ്കൻതോർപ്പിലെ ആഷ് ബി സെന്റ് ബെർനാഡറ്റ് പാരീഷ് സെന്ററിലാണ് നവംബർ 19 ഞായറാഴ്ച ദീപാവലി ആഘോഷവും ചാരിറ്റി ഈവനിംഗും നടന്നത്. യോർക്ക്, ലീഡ്സ്, നോട്ടിംഗാം, ലിങ്കൺ, ഹൾ എന്നിവിടങ്ങളിൽ നിന്നും ചാരിറ്റി ഈവനിംഗിൽ പങ്കെടുക്കുവാൻ സുമനസ്സുകൾ എത്തിച്ചേർന്നു. ബിനോയി ജോസഫ് സ്കൻതോർപ്പിൻറെയും പൂജാ ബാലചന്ദ്രയുടെയും നേതൃത്വത്തിലാണ് ഫണ്ട് റെയിസിംഗ് ഇവന്റ് സംഘടിപ്പിച്ചത്. അമ്പിളി സെബാസ്റ്റ്യൻ, ലീനുമോൾ ചാക്കോ, ലിസാ ബിനോയി, പ്രീതാ തോമസ്, സുചിത്രാ മേനോൻ, അനുഷ ഫാസിൽ, കവിത തര്യൻ, ബിനോ സീസർ, രജ്ഞിത്ത് ജോസഫ്, ബിജു ചാക്കോ, ശ്രീനിവാസ ബാലചന്ദ്ര, രുചിത ഗ്രീൻ, ജെയിൻ സ്റ്റോണി, ഹെയ്ലി തോംപ്സൺ എന്നിവർ ഓർഗനൈസിംഗ് ടീമിൽ ഉണ്ടായിരുന്നു.
ദൃശ്യമനോഹരമായ നൃത്ത സന്ധ്യയും ബോളിവുഡ് സംഗീതവും ചാരിറ്റി നൈറ്റിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റി. അമ്പിളി സെബാസ്റ്റ്യൻ, കവിത തര്യൻ, പൂജ ബാലചന്ദ്രയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്തസന്ധ്യ ആരംഭിച്ചത്. ലീഡ്സിലെ തൃശൂൽ അക്കാഡമിയുടെ പ്രകടനം സദസിനെ ഇളക്കി മറിച്ചു. ലീനുമോൾ ചാക്കോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, ആൻ മരിയ റോബിൻസ്, മകാനി ബാവ്യ, മഹികാ ജോഗി തുടങ്ങിയവർ സ്റ്റേജിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പുതിയതായി ഒരുക്കുന്ന മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ടിനായി ആവശ്യമായ തുക സമാഹരിക്കുന്നതിനായി ദി ഹെൽത്ത് ട്രീ ഫൗണ്ടേഷനാണ് ചാരിറ്റി അപ്പീൽ നടത്തിയത്. കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന ദമ്പതികൾക്ക് സമയം ചിലവഴിക്കുന്നതിനും അവരുടെ ദു:ഖകരമായ അവസ്ഥയിൽ നിന്ന് മുക്തമാകുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൻറെ ഉദ്ദേശ്യം. അപ്രതീക്ഷിതമായ സഹകരണമാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൽ ഇന്ത്യൻ സമൂഹം നല്കിയതെന്ന് ഇവന്റ് ഓർഗനൈസർ ബിനോയി ജോസഫ് ന്യൂസിനോട് പറഞ്ഞു. ഇംഗ്ലീഷ് സമൂഹത്തിന്റെ പൂർണ സഹകരണം ഫണ്ട് സമാഹരണത്തിൽ ലഭിച്ചു. സഹകരിക്കാവുന്ന മേഖലകളിൽ തുടർന്നും ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ പൂർണമായ പിന്തുണ ആഷ്ബി പാരീഷ് കൗൺസിൽ ചെയർമാൻ വാഗ്ദാനം ചെയ്തതായി ബിനോയി ജോസഫ് അറിയിച്ചു. സ്കൻതോർപ്പ് എം.പി നിക് ഡേക്കിൻ, ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരും ചാരിറ്റി ഈവനിംഗിൽ പങ്കെടുത്തു.
എൻട്രി ടിക്കറ്റ്, റാഫിൾ ടിക്കറ്റ്, ഓക് ഷൻ, ഡൊണേഷൻ എന്നിവ വഴി 3336 പൗണ്ടാണ് ലഭിച്ചത്. നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷൻ, ഓർഗനൈസിംഗ് ടീം മെമ്പറായ ബിനോയി ജോസഫിന്റെ അഭ്യർത്ഥനയെ തുടർന്ന് 1500 പൗണ്ട് ചെക്ക് സംഭാവനയായി നല്കി. ആകെ ലഭിച്ച 4836 പൗണ്ട് ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറി. ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനം അഭിനന്ദനീയമായ മാതൃകയാണ് എന്ന് ചാരിറ്റിയുടെ കോർഡിനേറ്റർ ഹെയ്ലി തോംപ്സൺ പറഞ്ഞു.
Leave a Reply