സ്വന്തം ലേഖകൻ

ജനിതക മാറ്റം വന്ന കോവിഡ്19 നെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബ്രിട്ടനിൽനിന്ന് ഒരു ശുഭവാർത്ത. ഡിസംബർ എട്ടിന് ആരംഭിച്ച വാക്സിനേഷനിൽ ഇതുവരെ 616,933 ആൾക്കാർ പ്രതിരോധകുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. ഡിസംബർ 20 വരെയുള്ള കണക്കാണ്. ആദ്യഘട്ടത്തിൽ സർക്കാർ നിർദേശപ്രകാരം അഞ്ഞൂറിലധികം വാക്സിനേഷൻ സൈറ്റിലൂടെയാണ് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകുന്നത് പുരോഗമിക്കുന്നത്. 80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ സാമൂഹ്യ പരിപാലന ഉദ്യോഗസ്ഥർക്കും ആണ് വാക്സിനേഷൻ ആദ്യം നൽകിയത് .

എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഇത്രയധികം ആൾക്കാർക്ക് പ്രതിരോധകുത്തിവയ്പ്പ് നൽകാനുള്ള എൻഎച്ച്എസിന്റെ കഠിന പരിശ്രമത്തിന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നന്ദി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ് എന്നും ഭാവിയിൽ സാധാരണനിലയിലേക്ക് ജനജീവിതം എത്തിച്ചേരുന്നതിന് കൂടുതൽ ആൾക്കാർക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ഇംഗ്ലണ്ടിൽ വൈറസ് വ്യാപനം ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 85 പേരിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആണെന്ന് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ്. വൈറസിന്റെ ജനിതകമാറ്റം വന്ന രണ്ടു വകഭേദങ്ങളെയാണ് യുകെയിൽ കണ്ടെത്തിയിരിക്കുന്നത്. വേഗത്തിൽ വ്യാപിക്കുന്ന പുതിയ വൈറസ് ഉടലെടുത്തതാണ് രോഗ വ്യാപനം ഇത്രമാത്രം വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.