കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ലക്ഷദ്വീപില്‍ കനത്ത നാശമാണ് കാറ്റ് വിതച്ചത്. കേരളത്തില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. രാത്രിയില്‍ കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചുകയറി. കോഴിക്കോട് കടലുണ്ടി, ബേപ്പൂര്‍, വടകര, ചാമുണ്ഡിവളപ്പ് പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്.
ഒട്ടേറെ കുടുംബങ്ങളെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കക്കാടന്‍ചാല്‍, പയ്യാമ്പലം, നീരൊഴുക്കുംചാല്‍ എന്നീ പ്രദേശങ്ങളിലും കടലാക്രമണം ഉണ്ടായി. തൃശൂര്‍ പെരയമ്പലം ബീച്ചില്‍ 200 മീറ്ററോളം കടല്‍ കയറിയതായാണ് വിവരം. കൊല്ലം സ്രായിക്കാട്, ചെറിയഴീക്കല്‍ പ്രദേശങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ കയറി.
ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള പ്രദേശത്തും കൂറ്റന്‍ തിരകള്‍ കരയിലേക്ക് അടിച്ചു കയറി. കടല്‍ ഉള്‍വലിഞ്ഞ സ്ഥലങ്ങളില്‍ ഇരട്ടി ശക്തിയോടെയാണ് തിരമാലകള്‍ തിരികെയെത്തിയത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയിലാണ് ഓഖി ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാകുമെന്നാണ് മുന്നറിയിപ്പ്.
Leave a Reply