ആറുവയസ്സുകാരി വാങ്ങിയ വീടിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. അമ്പത്തിയഞ്ച് കോടിയുടെ വീടും സ്ഥലവും സ്വന്തമാക്കിയാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ബോറം കിം എന്ന കൊച്ചുമിടുക്കി ശ്രദ്ധ നേടിയത്. അച്ഛനുമമ്മയുമൊന്നുമല്ല ഇവൾക്കിത് വാങ്ങി നൽകിയത്. വെറും ആറാം വയസ്സിൽ നന്നായി അധ്വാനിച്ചു തന്നയാണ് ബോറം ഇത്രയും വലിയ സ്വത്ത് സ്വന്തമാക്കിയത്.

സ്വന്തമായി ഒരു ടോയ് റിവ്യൂ യു ട്യൂബ് ചാനൽ ഉണ്ട് ഈ മിടുക്കിക്ക്. 13.7 മില്യൺ സബ്സ്ക്രൈബേഴ്സാണ് കക്ഷിയുടെ ടോയ് റിവ്യൂ ചാനലിന്. കൂടാതെ ഒരു വിഡിയോ വ്ലോഗ് അക്കൗണ്ട് കൂടെയുണ്ട് ബോറത്തിന്. അതിനുള്ള സബ്സ്ക്രൈബേഴ്സാകട്ടെ 17.6 മില്യണും. മൊത്തം 30 മില്യണാണ് സബ്സ്ക്രൈബേഴ്സ്. ഈ മിടുക്കിയുടെ യു ട്യൂബ് ചാനലുകളിൽ നിന്നുള്ള പ്രതിമാസം വരുമാനം പല വമ്പൻമാരുടെ വരുമാനത്തേക്കാൾ വലുതാണ്. ഏകദേശം ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് മാസം ഈ ചാനലുകളിലൂടെ ഇവൾ സമ്പാദിക്കുന്നത്.

ഈ പെൺകുട്ടിയുടെ ഒരോ വിഡിയോയ്ക്കും 300 മില്യണിലധികം കാഴ്ചക്കാരാണുള്ളത്. ‘Cooking Pororo Black Noodle’ എന്ന വിഡിയോയ്ക്കാണ് ഏറ്റവും അധികം സബ്സ്ക്രൈബേഴ്സ് ഉള്ളത്. പക്ഷേ ബോറത്തിന്റെ ചില വിഡിയോകൾ അല്പം പ്രശ്നമുള്ളതാണെന്നു കാണിച്ച് നിരവധി പരാതികളും ഉയർന്നിരുന്നു. അച്ഛന്റെ പേഴ്സിൽ നിന്നും ബോറം പണം മോഷ്ടിക്കുന്നുന്ന വിഡിയോയും കാറോടിക്കുന്ന വിഡിയോയുമാണ് ഇവ. കുട്ടികളിൽ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുമെന്ന കാരണത്താൽ ഇവ സർക്കാർ നിരോധിച്ചിരിക്കുകയാണ് .