ലണ്ടന്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച പെണ്‍കുഞ്ഞ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാണ് വാനെലോപ് ഹോപ് വില്‍കിന്‍സ് എന്ന കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചത്. എക്ടോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ വൈകല്യമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ശരീരത്തിനു പുറത്ത് ഹൃദയം കാണപ്പെടുന്ന ഈ അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നത് യുകെയില്‍ ആദ്യമായാണെന്നാണ് കരുതുന്നത്.
കുട്ടികളുടെ ഹൃദയരോഗങ്ങള്‍ക്കായുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയാണ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍. കുഞ്ഞിന്റെ ജീവന് രക്ഷിക്കാനാകില്ലെന്നാണ് കരുതിയതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെ മാത്രമായതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും യുടെ അമ്മയായ നവോമി ഫിന്‍ഡ്ലെ അതിന് സമ്മതിച്ചില്ല. 20 വര്‍ഷം മുമ്പ് ഒരു ഗര്‍ഭസ്ഥ ശിശുവിന് ഇതേ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത് തനിക്കറിയാമായിരുന്നെന്നും അവര്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നെന്നും കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഫ്രാന്‍സസ് ബു ലോക്ക് പറഞ്ഞു.
ഇത്തരം സംഭവങ്ങളേക്കുറിച്ച് ഗൂഗിളിലും പുസ്തകങ്ങളിലും തിരഞ്ഞിട്ടും കാര്യമായി ഒന്നും ലഭിച്ചില്ല. ഓരോ കേസുകളും വ്യത്യസ്തമാണെന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എന്തായാലും മൂന്ന് സര്‍ജറികളിലൂടെ കുഞ്ഞിന്റെ ഹൃദയം തിരികെ നെഞ്ചിനുള്ളില്‍ ഘടിപ്പിച്ചു. ഹൃദയത്തിനായി പ്രത്യേക അറ ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കേണ്ടി വന്നു. എക്ടോപ്പിയ കോര്‍ഡിസ് ചികിത്സിച്ച് ഭേദമാക്കിയ യുകെയിലെ ആദ്യ സംഭവമാണ് ഇതെന്നാണ് കരുതുന്നത്. ക്രിസ്തുമസ് തലേന്നായിരുന്നു പ്രസവത്തിയതി പറഞ്ഞിരുന്നതെങ്കിലും ഈ പ്രത്യേക അവസ്ഥയുള്ളതിനാല്‍ നവംബര്‍ 22ന് സിസേറിയനിലൂടെ പുറത്തെടുക്കുകയും ഒരു മണിക്കൂറിനുള്ളില്‍ ജീവന് രക്ഷാ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.
Leave a Reply