വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒന്‍പതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അര്‍ഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ച് കുട്ടികള്‍ക്ക് ഫിക്സഡ് ഡെപോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഓഖി ദുരന്തത്തില്‍ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാര്‍ത്ഥം ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ വിയന്നയില്‍ നിന്നും പൂന്തുറയില്‍ എത്തിയ ഫാ. വില്‍സണ്‍ മേച്ചേരില്‍ കുട്ടികള്‍ക്ക് കൈമാറി. കുട്ടികള്‍ക്കു 18 വയസ് തികയുമ്പോള്‍ തുക അവര്‍ക്കു പിന്‍വലിച്ചു യഥേഷ്ടം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വില്‍സണ്‍ നയിച്ച സംഗീത പരിപാടിയ്ക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദുരന്തം തകര്‍ത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വില്‍സന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചാണ് ഏറ്റവും അര്‍ഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്‌സി, ഫാ. ജയ്‌മോന്‍ എം.സി.ബി.എസ്, ഡോ. സി. ആന്‍ പോള്‍, രാജന്‍ അയ്യര്‍ എന്നിവര്‍ സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട സദര്‍ശനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

പൂന്തുറയിലെ സെന്റ് തോമസ് പള്ളിയില്‍ വളരെ ലളിതമായി സംഘടപ്പിച്ച ചടങ്ങില്‍ ഫാ. ജസ്റ്റിന്‍ ജൂഡിന്‍ (വികാരി), ഫാ. വെട്ടാരമുറിയില്‍ എം.സി.ബി.എസ്, ഡോ. സി. ഫാന്‍സി പോള്‍, വിനോദ് സേവ്യര്‍, മാത്യൂസ് കിഴക്കേക്കര (വി.എം.എ ചാരിറ്റി കോര്‍ഡിനേറ്റര്‍), രാജന്‍ അയ്യര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. സഹായവിതരണ പരിപാടി വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി സമൂഹത്തിനും, ബിസിനസ് സംരംഭകര്‍ക്കും, സംഘടനകള്‍ക്കും ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.