ഷിബു മാത്യൂ
ഫാ. സേവ്യര്‍ തേലക്കാട്ടിലിനെ അതിദാരുണമായി കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയോട് വ്യക്തിപരമായി ക്ഷമിച്ചിരിക്കുന്നുവെന്ന് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പതിനായിരങ്ങള്‍ പങ്കുകൊള്ളുന്ന ഫാ. സേവ്യറിന്റെ ശവസംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ദിവ്യബലിക്ക് തൊട്ടുമുമ്പ് നടത്തിയ അനുശോചന പ്രസംഗത്തിലാണ് അഭിവന്ദ്യ പിതാവ് ആഗോള കത്തോലിക്കാ വിശ്വാസികളോടൊന്നടങ്കമായി ഇങ്ങനെ പറഞ്ഞത്. ഒരു പൈശാചീക നിമിഷത്തില്‍ ജോണി കുറ്റകൃത്യം ചെയ്തതാണെന്നും ദൈവമക്കളായ നമ്മള്‍ ഓരോരുത്തരും ജോണിയോടും കുടുംബത്തോടും ക്ഷമിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ദൈവ വിശ്വാസത്തില്‍ തിരിച്ച് കൊണ്ടുവരണമെന്നും അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ റൈറ്റില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആമുഖമായി പാടുന്ന ഗാനമാണ്
‘അന്നാപ്പെസഹാ തിരുന്നാളില്‍
കര്‍ത്താവരുളിയ കല്പന പോല്‍
തിരുനാമത്തില്‍ചേര്‍ന്നീടാം
ഒരുമയോടീ ബലിയര്‍പ്പിക്കാം…

അനുരജ്ഞിതരായ്ത്തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്‌നേഹമോടീയാഗം
തിരുമുമ്പാകെയണച്ചീടാം’

ഈ പ്രാര്‍ത്ഥനാ ഗാനത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അത് കത്തോലിക്കാ വിശ്വാസ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുകയും അനുരജ്ഞനപ്പെടണമെന്ന ഒരു ഇടയന്റെ അത്യധികം വിനയത്തോടെയുള്ള ആഹ്വാനത്തോടും പ്രാര്‍ത്ഥനയോടും കൂടിയാണ് അഭിവന്ദ്യ പിതാവ് ദിവ്യബലി ആരംഭിച്ചത്. സ്വന്തം മകന്റെ വേര്‍പാടിന്റെ ദുഃഖം പരിശുദ്ധ അമ്മയുടെ വ്യാകുലതകളോട് ചേര്‍ത്ത് വെച്ച് പ്രാര്‍ത്ഥിക്കണമെന്നും സര്‍വ്വ ശക്തനായ ദൈവത്തിന് ശുശ്രുഷ ചെയ്യുവാന്‍ ഭാഗ്യം ചെയ്ത ഒരു പുത്രനെ തന്നതില്‍ സന്തോഷിച്ച് ദൈവത്തിന് നന്ദി പറയണമെന്നും ദൈവസന്നിധിയിലേയ്ക്കാണ് മകന്‍ എത്തിചെര്‍ന്നിരിക്കുന്നത് എന്നോര്‍ത്ത് സ്വയം ആശ്വസിക്കണമെന്നും ഫാ. സേവ്യറിന്റെ പ്രിയ മാതാവിനോടായി അഭിവന്ദ്യ പിതാവ് പറഞ്ഞു.

പതിനായിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിലിന്റെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ പെരുമ്പാവൂരില്‍ നടക്കുകയാണിപ്പോള്‍.

More News… യുകെ മലയാളികൾക്ക് ദുഃഖം സമ്മാനിച്ച് മറ്റൊരു മരണം കൂടി; ലണ്ടൻ മലയാളികളുടെ പ്രിയ തൊടുപുഴക്കാരൻ മത്തായിച്ചേട്ടൻ മരിച്ചത് ഹൃദയസ്തംഭനത്താൽ…