ഫാ. ബിജു കുന്നയ്ക്കാട്ട്
കേരളത്തില്‍ കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നദികളും തോടുകളും വറ്റിവരണ്ടു, ഉറവകള്‍ ഉണങ്ങിത്തുടങ്ങി, ആഴമുള്ള കിണറുകളിലും കുളങ്ങളിലും പോലും നീരുറവകള്‍ കണ്ണടച്ചു തുടങ്ങിയിരിക്കുന്നു. കൊടുംവേനലി൯െറ ചൂട് അധികം നീണ്ടുപോകാതെ നല്ല മഴ പെയ്യണേ എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം ലോകത്തിലെല്ലായിടത്തും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ‘ഭൂമിയുടെ പനി’ എന്ന് സാഹിത്യഭാഷയില്‍ പറയപ്പെടുന്ന ‘ആഗോള താപന’ത്തി൯െറ (Global Warming) പ്രത്യാഘാതങ്ങള്‍ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. അതിശൈത്യമനുഭവപ്പെട്ടിരുന്ന പല രാജ്യങ്ങളിലും മഞ്ഞുവീഴ്ചയില്‍ കാര്യമായ കുറവു വന്നതുമൂലം മഞ്ഞിലും തണുപ്പിലും ചത്തൊടുങ്ങേണ്ട ബാക്ടീരിയകളും വൈറസുകളും നശിക്കാതെ രോഗകാരണമാകുന്നു എന്നു പഠനങ്ങളുണ്ട്. സമീപകാലത്ത് കേരളത്തില്‍ കുറ്റ്യാടിപുഴയില്‍ നിന്നും തെരണ്ടി മത്സ്യത്തെ ചൂണ്ടയിട്ടുപിടിച്ചത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ഉപ്പുവെള്ളത്തില്‍ മാത്രം ജീവിക്കുന്ന ഈ മത്സ്യം കുറ്റ്യാടിയില്‍ എത്തിയെങ്കില്‍ അതിനര്‍ത്ഥം കടല്‍ജലം അവിടെ വരെ എത്തി എന്നു കരുതണം!

കുടിവെള്ളക്ഷാമം ഓരോ വര്‍ഷം ലോകം മുഴുവന്‍ രൂക്ഷമായി വരുമ്പോള്‍, ‘ഇനിയൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമായിരിക്കു’മെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു! ഭൂമിയുടെ ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മനുഷ്യനിലും അവ൯െറ സ്വഭാവങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ചൂടാകുന്നവരുടെയും, സ്നേഹത്തി൯െറയും നന്മയുടെയും നീരുറവകള്‍ വറ്റി വരണ്ടുപോകുന്നവരുടേയും എണ്ണം ഇന്നു കൂടിവരുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ മുന്നില്‍ രണ്ടുഭാഗം ജലമാണെന്നതുപോലെ മനുഷ്യശരീരത്തിലും 65 ശതമാനത്തോളം ജലമാണെന്ന സാമ്യം, മറ്റു പല സാമ്യങ്ങള്‍ക്കും അടിസ്ഥാന കാരണമാകുന്നുണ്ടോ?

”വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം, ഇല്ല കുടിക്കാനൊരുതുള്ളി പോലും” (Samuel Taylor Coleridge – ‘The Rime of ancient Mariner’ – 1798) എന്നു പാടിയ കവി നടുക്കടലില്‍ കുടിവെള്ളത്തിനു ബുദ്ധിമുട്ടിയെങ്കില്‍, തിരഞ്ഞെടുപ്പുകാലത്തെ ‘വാഗ്ദാന’ങ്ങളുടെ കടലില്‍ കിടക്കുന്ന കേരളത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഇപ്പോള്‍ നെട്ടോട്ടമോടുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 34% മഴ കുറഞ്ഞതും മൃഗങ്ങള്‍ കുടിവെള്ളം തേടി കാടിറങ്ങുന്നതും മനുഷ്യനെ ആക്രമിക്കുന്നതുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

sunday 3ഈ അടിയന്തര പ്രശ്നത്തിന് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് ‘കൃത്രിമമായി മഴ’ പെയ്യിച്ച് പരിഹാരം കാണുന്നതിനെക്കുറിച്ചാണ്. ”ക്ലൗഡ് സീഡിംഗ്” എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമായി മഴ പെയ്യിക്കുന്നു. സാധാരണയായി സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയവ മേഘങ്ങളുടെ മുകളില്‍ വിതറിയാണ് കൃത്രിമ മഴയ്ക്കുള്ള സാഹചര്യമൊരുക്കുന്നത്. ഈ പരീക്ഷണം ഒരു താല്ക്കാലിക ആശ്വാസമാവുമെന്നു കരുതാം!

ആത്മീയതയിലും ദൈവവിചാരത്തിലും വരണ്ടുപോയ മനസുകളില്‍ ദൈവാനുഭവത്തി൯െറയും ആത്മീയ വിചാരങ്ങളുടെയും പുതിയ ഉറവകള്‍ സമ്മാനിക്കുന്ന, ‘പുണ്യം പൂക്കുന്ന’ നോമ്പുകാലത്തി൯െറ രണ്ടാം ആഴ്ചയിലാണ് നാമിപ്പോള്‍. നോമ്പുകാലത്തി൯െറ പ്രത്യേക തപഃക്രിയകളിലൂടെ പാപത്തി൯െറ കാര്‍ മേഘങ്ങളുടെ മുകളില്‍ പ്രാര്‍ത്ഥനയുടെയും ത്യാഗപ്രവര്‍ത്തനങ്ങളുടെയും രാസത്വരകങ്ങള്‍ വിതറി അനുപാതത്തി൯െറ ഒരു കണ്ണീര്‍ മഴ പെയ്യിക്കാന്‍ ഈ നോമ്പുകാലം നമ്മെ ഒരുക്കുന്നു.

കൃത്രിമ മഴ പെയ്യിച്ച് പരിഹാരം കാണുന്നതിനൊപ്പം മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ കൂടി മറക്കരുതാത്തതുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയെ ഓര്‍മ്മിപ്പിച്ചു: സംസ്ഥാനത്തെ മുഴുവന്‍ കുളങ്ങളും കിണറുകളും സംരക്ഷിക്കണം, അതുപോലെ നാശത്തി൯െറ പാതയിലുള്ള ജലസ്രോതസ്സുകളെ വീണ്ടെടുക്കണം. നോമ്പുകാലം കൃത്രിമ മഴ പോലെ ഒരു പ്രത്യേക അവസരത്തില്‍ മാത്രമുള്ളതാണെങ്കില്‍ കുടുംബപ്രാര്‍ത്ഥനകളും വ്യക്തിപരമായ പ്രാര്‍ത്ഥനകളും, എപ്പോഴും ജനങ്ങള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് വെള്ളത്തി൯െറ സാന്നിധ്യം നല്‍കിയിരുന്ന കുളങ്ങള്‍ക്കും കിണറുകള്‍ക്കും സമാനമാണ്. ‘ദൈവിക വരങ്ങളുടെ നീര്‍ച്ചാലുകള്‍’ എന്നറിയപ്പെടുന്ന കൂദാശകള്‍ (പ്രത്യേകിച്ച് വി. കുര്‍ബാന, കുമ്പസാരം) ജലസ്രോതസുകള്‍ക്ക് തുല്യമാണ്. ഇവ വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ നോമ്പുകാലത്തി൯െറ കൃത്രിമമഴയുടെ കുളിരും നനവും പൊയ്ക്കഴിയുമ്പോള്‍ വീണ്ടും ആത്മീയ വരള്‍ച്ചയും ദൈവദാഹവും അനുഭവപ്പെടും.

sundayഅനുദിനമുള്ള നമ്മുടെ കുടുംബപ്രാര്‍ത്ഥനയും വ്യക്തിപരമായ പ്രാര്‍ത്ഥനയും ഒരിക്കലും കൈവെടിയരുതാത്തതാണ്. ‘ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനില്‍ക്കും’ എന്ന ചൊല്ലിന് പ്രസക്തിയേറെയാണ്. കുടുംബങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനയുടെയും ദൈവനാമത്തി൯െറയും സാന്നിധ്യം അകലുമ്പോള്‍ മുതല്‍ തിന്മ പല രീതിയില്‍ കുടുംബാംഗങ്ങളെ പരീക്ഷിച്ചു തുടങ്ങുന്നു. പ്രാര്‍ത്ഥനകള്‍ ഉയരേണ്ട സന്ധ്യകള്‍ ടെലിവിഷന്‍ കാഴ്ചകളിലും മദ്യലഹരിയിലും ആഘോഷങ്ങളിലും മാത്രമായി ഒതുങ്ങുമ്പോള്‍ അത് തകര്‍ച്ചയുടെ നാന്ദിയാകുന്നു. തിരക്കുപിടിച്ച ജീവിതമെന്ന ഒഴികഴിവു പറയാമെങ്കിലും, മനസുണ്ടെങ്കില്‍ ഒരു ദിവസത്തിലെ ഏതെങ്കിലും സമയത്ത് ഒന്നിച്ചിരുന്നോ ഒറ്റയ്ക്കിരുന്നോ പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്താവുന്നതാണ്.

‘സായാഹ്നമായപ്പോള്‍ ഈശോ ശിഷ്യരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം” (മര്‍ക്കോസ് 4: 35). ഓരോ വൈകുന്നേരങ്ങളിലും പ്രാര്‍ത്ഥനയാകുന്ന മറുകരയിലേക്ക് ഈശോ നമ്മെ ക്ഷണിക്കുന്നുണ്ട്. തുടര്‍ന്ന് വിവരിക്കപ്പെടുന്നത് ഈശോ കടലിനെ ശാന്തമാക്കുന്ന സംഭവമാണ്. നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ നടുക്കടലില്‍പ്പെട്ടുഴലുമ്പോള്‍ ഈ കുടുംബപ്രാര്‍ത്ഥനയില്‍ കണ്ടെത്തുന്ന, കൂടെയുള്ള ഈശോയാണ് സഹായത്തിനെത്തുന്നത്. പ്രാര്‍ത്ഥിക്കാതെ കടന്നുപോകുന്ന ദിനങ്ങള്‍ നമുക്കുണ്ടാകാതിരിക്കട്ടെ.

sunday 2വി. കുര്‍ബാനയിലൂടെയും മറ്റു കൂദാശാ സ്വീകരണങ്ങളിലൂടെയും ദൈവകൃപയുടെ സ്രോതസുകളെ നാം വീണ്ടെടുക്കേണ്ടതുണ്ട്. വി. കുര്‍ബാനയില്‍ വചനത്തിലൂടെയും ശരീരരക്തങ്ങളിലൂടെയും ലഭിക്കുന്ന ആത്മീയ ഭക്ഷണം സ്വീകരിക്കാത്തതാണ് പലരുടെയും ഹൃദയത്തില്‍ സ്നേഹത്തി൯െറയും നന്മയുടെയും ഉറവകള്‍ വറ്റി വരളുന്നതിനു കാരണം. “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വി. കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ എനിക്ക് കഴിയില്ല” എന്ന് വി. പാദ്രോ പിയോയും “മരണശേഷം ആത്മാവി൯െറ ആശ്വാസത്തിനുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വി. കുര്‍ബാന അര്‍പ്പിക്കുന്നത്” എന്ന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയും പറയുന്നു.

നോമ്പുകാലത്തി൯െറ പ്രത്യേക തപശ്ചര്യകളിലൂടെ കടന്നുപോകുമ്പോഴും ആത്മീയതയുടെ പരമ്പരാഗത സ്രോതസുകളായ വി. കുദാശകളുടെയും കുടുംബപ്രാര്‍ത്ഥനയുടെയും നന്മകളെ മറക്കാതിരിക്കാം. തപസ്സുകാലത്തി൯െറ അനുഗ്രഹം നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്

ഞായറാഴ്ചയുടെ സങ്കീർത്തനം -37

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.