സിആര്‍ നീലകണ്ഠന്
മഹാരാഷ്ട്രയിലെ കര്‍ഷകസമരം ഉജ്ജ്വലമായി നടത്തി വലിയൊരു ജനസമൂഹത്തിന്റെ പിന്തുണ നേടുകയും ആഗോളതലത്തില്‍ വരെ പ്രശസ്തമാകുകയും ചെയ്ത അഖിലേന്ത്യ കിസാന്‍ സഭയും അതിന് നേതൃത്വം നല്കുന്ന സി.പി.ഐ(എം)ഉം അതിന്റെ എല്ലാ നേട്ടങ്ങളും കീഴാറ്റൂര്‍ എന്ന സ്വന്തം പാര്‍ട്ടി ഗ്രാമത്തില്‍ അവസാനിപ്പിച്ചിരിക്കുന്നു. ഭരണം കിട്ടുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ സ്വഭാവമാണ് എന്ന രൂപത്തിലുള്ള പൊതുതത്വം നമുക്കിവിടെ കാണാം. ഒരു തരി നെല്‍വയല്‍ പോലും നികത്താന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെത്രാന് കായലടക്കം നികത്താനുള്ള ശ്രമങ്ങളെ അപലപിച്ചുകൊണ്ട് അതിനെതിരായി പ്രചരണം നടത്തി വലിയ വിജയം നേടി അധികാരത്തിലെത്തിയവര്‍, കഴിഞ്ഞ രണ്ട് കൊല്ലമായി കേരളത്തിലെ നെല്‍വയല്‍ സംരക്ഷത്തിന് എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഒരു ഉത്തരമില്ല. എന്നാല്‍ നെല്‍വയല്‍ എങ്ങിനെയും നികത്താന്‍ മടിക്കില്ല എന്ന് കാണിക്കുന്നതാണ് കീഴാറ്റൂരിലെ അവരുടെ പ്രകടനം.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഒത്തുചേര്‍ന്നുള്ള ഈ രീതി നാം മുന്‍പ് നന്ദിഗ്രാമില്‍ കണ്ടതാണ്. പോലീസിന്റെ വേഷമിട്ട് ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് വെടിവെച്ച് കൊന്നു നന്ദിഗ്രാമില്‍ എന്നാണ് അവിടുത്തെ കേസ്. ഇവിടെ അല്‍പ്പം വ്യത്യാസം വെടിവെപ്പിലേക്ക് എത്തിയില്ല എന്നുള്ളതാണ്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചാല്‍, അതിന് എതിര്‍പ്പ് ഉള്ള ആളുകളുടെ അഭിപ്രായം കേട്ടതിന് ശേഷം മാത്രമെ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നാണ് നിയമം. പക്ഷെ അത്തരം നിയമങ്ങളൊന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ബാധകമല്ല എന്നാതാണ് നാം ഇവിടെ കാണുന്നത്. കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാതയുടെ ബൈപാസ് പണിയണം എന്ന തീരുമാനം യഥാര്‍ത്ഥത്തില്‍ ഉണ്ടായത് സി.പി.ഐ.(എം)ല്‍ നിന്നാണ് എന്ന് വ്യക്തമാക്കുന്നു.
അവരുടെ പാര്‍ട്ടി ഗ്രാമത്തില്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ആരും അതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. പക്ഷെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ സഹോദരികളും സഹോദരന്മാരും, നോക്കൂ എല്ലാ അര്‍ത്ഥത്തിലും കര്‍ഷകതൊഴിലാളികളായി ഈ സമരത്തിന്റെ മുമ്പിലുണ്ട്. ജാനകിചേച്ചിയുടെ മുഖത്ത് നോക്കി നിങ്ങള്‍ വര്‍ഗ്ഗ സമരത്തിന് എതിരാണ് എന്ന് പറയാന്‍ ധൈര്യമുള്ള ഏത് ജയരാജനാണ് കണ്ണൂരുള്ളത്. പക്ഷെ ജയരാജന് എന്തും ചോദിക്കും. ഇവിടെ വയല്‍ക്കിളികള്‍ എന്ന വയല്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ആ സമരത്തിനെ അടിച്ചമര്‍ത്താന്‍ എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്ന കണ്ണൂരിലെ സി.പി.ഐ(എം)ഉം അതിനെ സഹായിക്കുന്ന സര്‍ക്കാരും പോലീസും ഒരു കാര്യം മനസ്സിലാക്കുക, ലോകത്ത് ഒരു സമരത്തെയും അടിച്ചമര്‍ത്താന്‍ അധികാരവര്‍ഗ്ഗത്തിന് കഴിയില്ല.
മരിക്കാന്‍ വരെ തയ്യാറായ സമരപ്രവര്‍ത്തകരെ അതിക്രൂരമായ മര്‍ദ്ദനത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി എന്നതിലൂടെ സമരം പരാജയപ്പെട്ടു എന്നാണോ നിങ്ങള്‍ മനസ്സിലാക്കുന്നത്. അവിടെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം, പക്ഷെ ഉടനെ തന്നെ പോലീസിനെ നോക്കി നിര്‍ത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമരപന്തലിന് തീയിടുമ്പോള്‍ നിങ്ങള്‍ തീയിടുന്നത് പി.കൃഷ്ണപ്പിള്ള മുതല്‍ ഈ രാജ്യത്ത് സൃഷ്ടിച്ച സമരത്തിന്റെ പാരമ്പര്യത്തിനാണ്. എ.കെ.ജിയുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കൊപ്പം നിന്നത് ശരി, എന്നാല്‍ കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിക്കുമ്പോള്‍ അവരോര്‍ക്കണം, എ.കെ.ജി ഉണ്ടായിരുന്നുവെങ്കില്‍ ആ സമരപ്പന്തല്‍ അവിടെ ഉയരുമായിരുന്നില്ല എന്ന്, അല്ലെങ്കില്‍ അങ്ങിനെ ഉയര്‍ന്നിരുന്നുവെങ്കില്‍ ആ സമരപ്പന്തലില്‍ എ.കെ.ജി ഉണ്ടാകുമായിരുന്നു. ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടി വരും. അത് ബംഗാളിലേയും ത്രിപുരയിലേയും പോലെയും ആണെങ്കില്‍ പോലും അത് ഉണ്ടായേ പറ്റൂ. കാരണം ഇനി നിങ്ങള്‍ക്ക് ജനങ്ങള്‍ മാപ്പ് തരില്ല
Leave a Reply